National
ന്യൂഡൽഹി: എൻഡിഎ അധികാരത്തിൽ എത്തിയ ശേഷം നേരിടുന്ന ഏറ്റവും വലിയ അഗ്നിപരീക്ഷയ്ക്കു മുന്നിലാണ് ഇപ്പോൾ ബിജെപി നേതൃത്വം. ചോദ്യപേപ്പർ ചോർച്ച, വോട്ടുചോരി തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷവും സിജെപി പോലുള്ള കൂട്ടായ്മകളും തുടങ്ങിയ പ്രതിഷേധങ്ങൾ വലിയ ജനകീയ പ്രക്ഷോഭങ്ങളായി വളർന്നതാണ് ബിജെപി നേതൃത്വത്തെ അസ്വസ്ഥതപ്പെടുത്തുന്നത്. മാത്രമല്ല, മുൻ കാലത്തെങ്ങും ദൃശ്യമല്ലാത്ത രീതിയിൽ പ്രതിപക്ഷ നിരയിൽ ഐക്യം രൂപപ്പെട്ടിരിക്കുന്നുവെന്നതും സർക്കാരിനു തലവേദനയാണ്.
കുന്തമുന വിദ്യാർഥികൾ
സമരത്തിന്റെ കുന്തമുന വിദ്യാർഥികളും ചെറുപ്പക്കാരുമാണെന്നതാണ് ബിജെപിയെ കുഴക്കുന്ന മറ്റൊരു കാര്യം. വിദ്യാർഥിസമരത്തെ ഒരു പരിധിയിൽ കൂടുതൽ എതിർക്കുന്നതും ബലപ്രയോഗം നടത്തുന്നതും രാജ്യത്തെ യുവജനങ്ങളെ തങ്ങൾക്ക് എതിരാക്കുമെന്ന പേടിയും ബിജെപി നേതൃത്വത്തിനുണ്ട്. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെതിരേ നടന്ന സിജെപി സമരത്തിൽ കീഴടങ്ങേണ്ടി വന്നതിന്റെ ക്ഷീണം മാറും മുന്പേയാണ് പുതിയ പ്രക്ഷോഭത്തെ കൈകാര്യംചെയ്യേണ്ടി വന്നിരിക്കുന്നത്. സമരത്തെ ബലപ്രയോഗംകൊണ്ട് അടിച്ചമർത്തുന്നത് ഒരു പരിധി കഴിഞ്ഞാൽ പ്രയോജനം ചെയ്യില്ലെന്നു സിജെപി സമരത്തിലൂടെ വ്യക്തമായത്. അതുപോലെ കൈപൊള്ളിക്കാൻ ബിജെപി നേതൃത്വം ഇനി തയാറാകുമോയെന്ന് കണ്ടറിയണം.
ഇപ്പോൾ എരിഞ്ഞ് എരിഞ്ഞ് നിൽക്കുന്ന ജനകീയ പ്രതിഷേധം ഏതെങ്കിലുമൊരു ഘട്ടത്തിൽ വീണ്ടും അതിശക്തമായി വളരാനുള്ള എല്ലാ സാധ്യതകളും ബിജെപി മുന്നിൽ കാണുന്നുണ്ട്. വിളിച്ചാൽ വിളിപ്പുറത്ത് ആളെ എത്തിക്കാൻ മാത്രം രാഹുൽ ഗാന്ധിയും പ്രതിപക്ഷവും ശക്തിപ്പെട്ടിരിക്കുന്നു എന്നതാണ് ബിജെപിയെ അലോസരപ്പെടുത്തുന്ന മറ്റൊരു ഘടകം. ഒറ്റ ദിവസത്തെ ആഹ്വാനത്തിലൂടെയാണ് സുപ്രീം കോടതി മാർച്ചിന് അത്രയും ജനങ്ങൾ ഡൽഹിയിലെത്തിക്കാൻ പ്രതിപക്ഷത്തിനു കഴിഞ്ഞത്.
മിന്നൽ സമരങ്ങൾ
ജന്തർ മന്തറിനെ സമരവേദി അല്ലാതാക്കി മാറ്റിയതും പുതിയ സമരവിഷയമായി പ്രതിപക്ഷം ഏറ്റെടുത്തത് സർക്കാരിനു തിരിച്ചടിയായിട്ടുണ്ട്. ജന്തർ മന്തർ ലക്ഷ്യമാക്കി കൂടുതൽ സമരങ്ങൾക്ക് ഇതു വഴിതെളിക്കാനാണ് സാധ്യത. എത്രനാൾ നഗരത്തെ ഇങ്ങനെ ബാരിക്കേഡുകളാൽ പൊതിഞ്ഞുകെട്ടി സൂക്ഷിക്കാനാകുമെന്നതാണ് സർക്കാരിനു മുന്നിലെ ഒരു പ്രധാന തലവേദന. എല്ലാ ദിവസവുംതന്നെ തലസ്ഥാനത്തെ തെരുവുകളിൽ സമരം നടക്കുകയാണ്.
ഇതോടെ പോലീസ് സേനയും സമ്മർദത്തിലായിരിക്കുന്നു. മുൻകൂട്ടി അറിയിച്ചുള്ള സമരരീതികൾ പാടെ ഉപേക്ഷിച്ച് മിന്നൽ സമരങ്ങളാണ് പലപ്പോഴും ഇപ്പോൾ ആയുധം. രാഹുൽ ഗാന്ധിപോലും ഇത്തരം സമരരീതികളാണ് ഇപ്പോൾ പ്രയോഗിക്കുന്നത്. ഇതു പോലീസിനെ കൂടുതൽ വലയ്ക്കുകയാണ്. പലപ്പോഴും സമരം തുടങ്ങിക്കഴിയുമ്പോഴാണ് പോലീസ് പോലും അത് അറിയുന്നത്.
സഖ്യകക്ഷികൾക്കും മൗനം
രണ്ടു നേതാക്കളെ ജയിലിൽ അടച്ചതോടെ സിജെപി വർധിത വീര്യത്തോടെ സമരം ചെയ്യുമെന്നു ഇതിനകം സിജെപി പ്രഖ്യാപിച്ചതും അന്തരീക്ഷത്തെ കൂടുതൽ ചൂടുപിടിപ്പിച്ചിട്ടുണ്ട്.
ഗ്യാനേഷ്കുമാറിനെ പരമാവധി സംരക്ഷിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെങ്കിലും എൻഡിഎയിലെ സഖ്യകക്ഷികളൊന്നും ഗ്യാനേഷിനു കവചമൊരുക്കാൻ കാര്യമായി രംഗത്തില്ല എന്നതാണ് ബിജെപിയെ ഈ വിഷയത്തിൽ ഒറ്റപ്പെടുത്തുന്ന മറ്റൊരു ഘടകം. സർക്കാരിനെ വലിയ പ്രതിസന്ധിയുടെ മുന്നിലെത്തിച്ചിരിക്കുന്ന വിഷയത്തിൽ ഇനി എങ്ങനെ നീങ്ങണമെന്നതിൽ തിരക്കിട്ട ആലോചനയാണ് ബിജെപിയിൽ നടക്കുന്നത്. പ്രതിപക്ഷത്തെ ഏതെങ്കിലും രീതിയിൽ ഭിന്നിപ്പിക്കുക എന്നതായിരുന്നു ബിജെപിയുടെ പ്രാഥമിക തന്ത്രം.
എന്നാൽ, മാറിയ അന്തരീക്ഷത്തിൽ അത് എത്ര മാത്രം ഫലവത്താകുമെന്ന ആശങ്ക പലർക്കുമുണ്ട്. രണ്ടു ധ്രുവങ്ങളിൽനിന്നു സമരം ചെയ്തിരുന്ന കോൺഗ്രസും സിജെപിയും തമ്മിൽ ഗ്യാനേഷ്കുമാറിനെ എതിർക്കുന്ന കാര്യത്തിൽ തങ്ങൾ ഒറ്റക്കെട്ടാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതും ഈ നീക്കത്തെ ദുർബലപ്പെടുത്തുന്നതാണ്. എതിർപക്ഷത്ത് ആകെ വേറിട്ടുനിൽക്കുന്നത് ഡിഎംകെയും എഎപിയുമാണ്. എന്നാൽ, അവർ പോലും ഗ്യാനേഷ്കുമാർ രാജിവയ്ക്കണം എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തെ ഒറ്റയ്ക്കു നിന്നു പ്രതിരോധിക്കേണ്ട വലിയ കടമ്പയാണ് ബിജെപിക്കും കേന്ദ്രസർക്കാരിനും മുന്നിൽ രൂപപ്പെട്ടിരിക്കുന്നത്. കേസ് സുപ്രീം കോടതിക്കു മുന്നിലെത്തിയിരിക്കുന്ന സാഹചര്യത്തിൽ ഗ്യാനേഷ് കുമാറിനെതിരേ ഏതെങ്കിലും തരത്തിൽ കോടതിയിൽനിന്നു പരാമർശമുണ്ടാൽ സമരം കത്തിപ്പിടിക്കുമെന്ന ആശങ്കയും ബിജെപി നേതൃത്വത്തിനുണ്ട്.
National
ന്യൂഡൽഹി: കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ പ്രതിഷേധസമരം പ്രഖ്യാപിച്ച് കോക്രോച്ച് പാർട്ടി.
അനുമതിയില്ലാതെ ജന്തർ മന്തറിൽ കടന്നുവെന്നതുൾപ്പടെയുള്ള കുറ്റങ്ങൾക്ക് പാർട്ടി നേതാക്കളായ അശുതോഷ് റാങ്കയെയും സൗദവ് ദാസിനെയും അഞ്ചുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതിലുള്ള പ്രതിഷേധമായാണ് നാളത്തെ ഒത്തുചേരൽ.
വൈകുന്നേരം അഞ്ചുമണിക്ക് ഒത്തുചേരാനാണ് സമൂഹമാധ്യമങ്ങളിലൂടെ അഭിജീത് ദീപ്കെയുടെ ആഹ്വാനം.
ലെഹ്ര ദോ തിരംഗ എന്ന പേരിലുള്ള പ്രതിഷേധ പരിപാടിയിലൂടെ വീണ്ടും സമരം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
National
ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും മിന്നൽ പ്രതിഷേധവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരി എന്ന 19 വയസുകാരിയുടെ മാതാപിതാക്കൾക്ക് പിന്തുണയുമായാണ് ഇന്ത്യ ഗേറ്റിന് മുന്നിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധിയും എത്തിയത്.
മുൻ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകൻ പുൾകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ 2022 സെപ്റ്റംബർ 18നാണ് അങ്കിത കൊല്ലപ്പെട്ടത്. ആ കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചു എന്ന് അങ്കിതയുടെ മാതാപിതാക്കൾ ആരോപിച്ച ദുഷ്യന്ത് ഗൗതമിനെ ഇപ്പോൾ സിക്കിം ഗവർണറായി നിയമിച്ചതിന് എതിരെയാണ് ഇപ്പോൾ അവർ ഇന്ത്യാ ഗേറ്റിന് മുന്നിൽ സമരവുമായി എത്തിയിരിക്കുന്നത്.
കൂടുതൽ പ്രവർത്തകർ സ്ഥലത്തേക്ക് എത്തുന്നത് പൊലിസ് തടഞ്ഞതോടെ പൊലിസുദ്യോഗസ്ഥരും കോൺഗ്രസ് പ്രവർത്തകരുമായി വാക്കേറ്റമുണ്ടായി.
District News
രാജാക്കാട്: ചീഫ് ഇലക്ഷൻ കമ്മിഷണർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ രാജകുമാരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻആർസിറ്റിയിൽ പ്രതിഷേധ പ്രകടനം നടത്തി.
കെഎസ്എസ്പിയു രാജകുമാരി ബ്ലോക്ക് പ്രസിഡന്റ് ടി.പി. വർഗീസ്, ജില്ലാ കമ്മിറ്റി അംഗം വി.എം. സെബാസ്റ്റ്യൻ, പി.എൻ. ശശി, പി.എ. വസുമതി, എം.പി. എൽദോ, പി.ആർ. രത്നമ്മ, എൻ.പി. ഷൈൻ, ഇ.എൻ. വിശ്വംഭരൻ തുടങ്ങിയവർ നേതൃത്വം നൽകി.
Movies
ഡൽഹി ജന്തർമന്തറിൽ തെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ ഇടതുപക്ഷ വിദ്യാർഥി സംഘടനയായ ഐസയുടെ ദേശീയ പ്രസിഡന്റും ജെഎൻയു ഗവേഷകയുമായ നേഹ ബോറയുടെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് സിനിമാ ലോകത്തുനിന്നും വലിയ പിന്തുണ. വിദ്യാർഥികൾ നടത്തുന്ന സമരത്തിന് പ്രമുഖ താരങ്ങളാണ് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
സമരത്തിൽ പങ്കെടുക്കുന്ന നേഹ ബോറയുടെ ഒരു റീൽ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചത് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. 'അവകാശങ്ങളെക്കുറിച്ച് അറിഞ്ഞ് വളരുന്ന ഒരു മകളെയാണ് എനിക്ക് വേണ്ടത്! ഈ ലോകത്ത് കേവലം അതിജീവനത്തിനായി മാത്രം പഠിച്ച് വളരുന്നതും, പങ്കാളിയെ പരിപാലിക്കുകയാണ് തന്റെ ജീവിതത്തിലെ ഏക ലക്ഷ്യം എന്ന് ചിന്തിക്കുന്നതും എനിക്കിഷ്ടമല്ല. സ്വന്തം മൂല്യമറിയുന്ന, ആരുടെയും സഹായം ആവശ്യമില്ലാത്ത, നിശബ്ദയാക്കപ്പെടാനോ സ്വന്തമായിരിക്കാൻ അനുവാദം വാങ്ങാനോ നിൽക്കാത്ത, ലോകം മുഴുവൻ എതിരായാലും തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഒരു സ്ത്രീയായി അവൾ വളരണം. എന്റെ മകൾ ആരായി വളരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് അറിയാമോ? അവൾ'.-വിനീത് ശ്രീനിവാസൻ പങ്കുവച്ച റീലിൽ പറയുന്നു.
വിനീതിന് പുറമെ നിരവധി താരങ്ങളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. നടി നസ്രിയ നസീം നേഹ ബോറയുടെ ചിത്രമുള്ള പോസ്റ്റർ സ്റ്റോറിയിൽ പങ്കുവച്ചു. 'ദസറയുടെ ആദ്യ ദിവസം' എന്ന അടിക്കുറിപ്പോടെയാണ് താരം ഇത് ഷെയർ ചെയ്തത്. തിന്മയ്ക്ക് മേലുള്ള നന്മയുടെ വിജയത്തെ ഡൽഹിയിലെ സമര പശ്ചാത്തലവുമായി കോർത്തിണക്കുന്നതാണ് ഈ പോസ്റ്റർ. കൂടാതെ, പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
District News
നെയ്യാറ്റിന്കര: കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം നഷ്ടമാകുന്ന വിവരം അറിയിച്ചിട്ടും വാട്ടര് അഥോറിറ്റി അധികൃതര് തിരിഞ്ഞുനോക്കാത്തതില് പ്രതിഷേധിച്ച് നഗരസഭ കൗണ്സിലര് റോഡില് കിടപ്പ് സമരം നടത്തി.
നെയ്യാറ്റിന്കര നഗരസഭയിലെ തൊഴുക്കല് വാര്ഡ് കൗണ്സിലര് വി.പി. ഷിനോജാണ് തൊഴുക്കല് ജംഗ്ഷനില് റോഡില് കിടന്ന് പ്രതിഷേധിച്ചത്. ചില വാര്ഡ് നിവാസികളും പ്രതിഷേധ സമരത്തില് പങ്കു ചേര്ന്നു. മൂന്നു ദിവസത്തിലൊരിക്കലാണു പലപ്പോഴും വാര്ഡില് കുടിവെള്ളം ലഭിക്കുന്നതെന്നും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്ന വിവരം പല തവണ വാട്ടര് അഥോറിറ്റി അധികൃതരെ അറിയിച്ചുവെന്നും ഷിനോജ് പറഞ്ഞു. നെയ്യാറ്റിന്കര പൊലിസ് സ്ഥലത്തെത്തി അനുനയിപ്പിക്കാന് ശ്രമിച്ചപ്പോഴും സമരം അവസാനിപ്പിക്കാന് ഷിനോജ് ഒരുക്കമായില്ല. പിന്നീട് വാട്ടര് അഥോറിറ്റി ഉദ്യോഗസ്ഥര് തൊഴുക്കലിലെത്തിച്ചേര്ന്നു. പൈപ്പ് ചോര്ച്ചയുള്ള ഇടങ്ങള് സന്ദര്ശിക്കുകയും പരിഹാരം വാഗ്ദാനം ചെയ്യുകയുമുണ്ടായി. തുടര്ന്നാണ് സമരം നിർത്തിയത്.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധവുമായി ഇന്ത്യ സഖ്യം സുപ്രീം കോടതിയിലേക്ക്. കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നിന്ന് ബസിൽ കയറിയ ഇന്ത്യ സഖ്യ നേതാക്കൾ ബാരക്കമ്പ ജംഗ്ഷനടുത്ത് ബസിൽ നിന്നിറങ്ങി സുപ്രീം കോടതിയിലേക്ക് മാർച്ച് ചെയ്യുന്നു.
പ്രതിഷേധത്തിന്റെ മുൻനിരയിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേഹ ബോറയുമടക്കമുള്ളവരുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, തേജസ്വി യാദവ്, യോഗേന്ദ്ര യാദവ് തുടങ്ങി ഇന്ത്യ സഖ്യം നേതാക്കളും മാർച്ചിലുണ്ട്.
പൊലിസ് എവിടെ തടയുമോ അവിടെ മുതൽ പ്രക്ഷോഭ സ്ഥലമാക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം. നേതാക്കൾക്കൊപ്പം വലിയ തോതിൽ പ്രവർത്തകരും സുപ്രീം കോടതി പരിസരത്തേക്ക് ഒഴുകിയെത്തുന്നുണ്ട്. രാജ്യതലസ്ഥാനം ഇന്നും സംഘർഷഭരിതമാകുമെന്നാണ് വിലയിരുത്തൽ.
ചീഫ് ജസ്റ്റിസിനെ നേരിൽ കണ്ട് നിവേദനം നൽകാനാണ് ഇന്ത്യ സഖ്യത്തിന്റെ പദ്ധതി. രാജ്യത്തെ യുവജനങ്ങളും പൗരവകാശ സംഘടനകളും പ്രതിപക്ഷ കക്ഷികളും ഭരണഘടന സംരക്ഷിക്കാനായി തങ്ങളോടൊപ്പം തെരുവിൽ അണിനിരക്കണമെന്ന് രാഹുൽ ഗാന്ധി അഭ്യർഥിച്ചു.
Movies
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി പ്രമുഖ ബോളിവുഡ് താരങ്ങളായ വിജയ് വർമയും ഹുമ ഖുറേഷിയും രംഗത്ത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. പ്രതിഷേധക്കാരെ അടിച്ചമർത്തുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ഹുമ ഖുറേഷി നടത്തിയത്.
'സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിന്റെ മുഖം' എന്ന കുറിപ്പോടെ ഗ്യാനേഷ് കുമാറിന്റെ ചിത്രം പങ്കുവച്ചാണ് വിജയ് വർമ പരിഹാസരൂപേണ പ്രതികരിച്ചത്. സ്റ്റീവൻ സ്പിൽബർഗിന്റെ ക്ലാസിക് ഹോളിവുഡ് ചിത്രം 'സേവിംഗ് പ്രൈവറ്റ് റയാൻ' ഓർമിപ്പിച്ചുകൊണ്ട് 'സേവിംഗ് പ്രൈവറ്റ് ഗ്യാൻ' എന്ന ടാഗ്ലൈനും അദ്ദേഹം ഉപയോഗിച്ചു. 'നമ്മുടെ ദേശീയ നായകനെ രക്ഷിക്കാൻ സേനകൾ ഒന്നിക്കുന്നതിൽ സന്തോഷം, എന്തുവിലകൊടുത്തും അദ്ദേഹത്തെ സംരക്ഷിക്കണം' എന്നും താരം കുറിച്ചു.
ജനാധിപത്യ മൂല്യങ്ങളെയും പൗരന്മാരുടെ അവകാശങ്ങളെയും ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു ഹുമ ഖുറേഷിയുടെ ശക്തമായ കുറിപ്പ്. സമാധാനപരമായ പ്രതിഷേധം കുറ്റമല്ലെന്നും അധികാരത്തിലിരിക്കുന്നവരോട് ഉത്തരവാദിത്തം ആവശ്യപ്പെടുന്നത് എങ്ങനെയാണ് തെറ്റാകുകയെന്നും താരം ചോദിച്ചു.
'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നമ്മുടേത്. സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശം അധികാരത്തിലിരിക്കുന്നവർ നൽകുന്ന ഔദാര്യമല്ല. ശബ്ദമുയർത്തിയാൽ വ്യക്തിപരമായ ആക്രമണങ്ങളും തൊഴിൽപരമായ തിരിച്ചടികളും നേരിടേണ്ടിവരുമെന്ന് അറിയാം. എങ്കിലും എനിക്ക് മൗനം പാലിക്കാൻ കഴിയില്ല. ദേശസ്നേഹം എന്നത് അന്ധമായ മൗനമല്ല, ജനാധിപത്യം എന്നത് അന്ധമായ അനുസരണയല്ല, വിയോജിപ്പ് രാജ്യവിരുദ്ധവുമല്ല' - ഹുമ ഖുറേഷി വ്യക്തമാക്കി.
National
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം കനക്കുന്നു. രാത്രിയിലും വിദ്യാർഥി സംഘടനകൾ സമരം തുടരുകയാണ്. കൊണാട്ട്പ്ലേസിലേക്ക് വീണ്ടും വിദ്യാർഥികൾ മാർച്ചുമായെത്തി.
എസ്എഫ്ഐ വനിതകളുടെ തിരംഗ മാർച്ചുമായി പ്രതിഷേധിക്കുന്നുണ്ട്. എസ്എഫ്ഐ നേതാവ് ഐഷി ഘോഷിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. അതേസമയം സംഘടിച്ചെത്തിയ വിദ്യാർഥികളെ പൊലീസ് ബലംപ്രയോഗിച്ച് നീക്കുകയാണ്. വിദ്യാർഥികൾ പൊലിസ് ബസിന് മുകളിൽ കയറി നിന്നും പ്രതിഷേധിക്കുന്നുണ്ട്.
National
ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ പൊലിസ് കസ്റ്റഡിയിലെടുത്ത ജോൺ ബ്രിട്ടാസ് എംപിയെ ആശുപതിയിൽ പ്രവേശിപ്പിച്ചു. ഡൽഹി ആർഎംഎൽ ആശുപതിയിലാണ് പ്രവേശിപ്പിച്ചത്.
സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ആശുപതിയിലെത്തി ബ്രിട്ടാസിനെ സന്ദർശിച്ചു. നെഞ്ചിലേറ്റ പരിക്കുകൾ പരിശോധിക്കുന്നതിനായി എക്സ്-റേ, സ്കാനിംഗ് പരിശോധനകൾ നടത്തി. പൊലിസ് തന്നെ ക്രൂരമായി മർദിച്ചെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞിരുന്നു.
നാല് പൊലിസുകാരാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. സീറ്റിനടിയിലേക്ക് തള്ളിയിട്ട് മുഖം അമര്ത്തി മർദിക്കുകയായിരുന്നുവെന്നും എംപിയാണെന്ന് പറഞ്ഞിട്ട് പോലും മർദനം തുടർന്നതായും ബ്രിട്ടാസ് പറഞ്ഞു.
National
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധം നടത്തുമെന്ന് കോക്രോച്ച് ജനതാ പാർട്ടി. പത്ത് മണിക്ക് വീണ്ടും സമരം നടത്തുമെന്നാണ് സിജെപി പ്രഖ്യാപനം.
എവിടെ പൊലിസ് തടയുന്നുവോ അവിടെ സമരം നടത്താനാണ് ആഹ്വാനം. തിങ്കളാഴ്ച ഇന്ത്യ സഖ്യം വൻ റാലി നടത്തുമെന്ന് രാഹുൽ ഗാന്ധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കസ്റ്റഡിയിൽ എടുത്ത സിജെപി പ്രവർത്തകരെ വിട്ടയച്ചെങ്കിലും പ്രധാന നേതാക്കൾ എവിടെ എന്നതിൽ സൂചന ഒന്നും പൊലിസ് പുറത്തുവിടുന്നില്ല.
ഏത് ഏജൻസിയാണ് കസ്റ്റഡിയിൽ വച്ചിരിക്കുന്നത് എന്ന് പോലും വിവരമില്ലെന്ന് സിജെപി പറയുന്നു. അഭിജിത് ദീപ്കെ, സൗരവ്, അശുതോഷ് എന്നിവരെ ഉടനടി വിട്ടയക്കണം എന്നാവശ്യപ്പെട്ട് ഡൽഹി പൊലിസ് കമ്മിഷണർക്ക് നിലവിലെ നേതൃത്വം കത്ത് നൽകിയിട്ടുണ്ട്.
National
ന്യൂഡൽഹി: ഡൽഹിയിൽ സിജെപി സമരത്തിന്റെ പശ്ചാത്തലത്തിൽ മാത്രം റെയിൽവേ റദ്ദാക്കിയത് 245 ട്രെയിനുകൾ. 75 മെയിൽ എക്സ്പ്രസ് ട്രെയിനുകളും 170 പാസഞ്ചർ ട്രെയിനുമാണ് റദ്ദാക്കിയത്. ഡൽഹിയിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് കൂടുതലും റദ്ദാക്കപ്പെട്ടത്.
രാജധാനി എക്സ്പ്രസ്, ശതാബ്ദി എക്സ്പ്രസ്, തേജസ് എക്സ്പ്രസ്, ഹംസഫർ എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിൻ സർവീസുകളെയും തീരുമാനം കാര്യമായി ബാധിച്ചിട്ടുണ്ട്. ബീഹാറിൽ നിന്നുള്ള മഗധ് എക്സ്പ്രസ്, സമ്പൂർണ ക്രാന്തി എക്സ്പ്രസ്, അമൃത് ഭാരത് എക്സ്പ്രസ്, ഉത്തർപ്രദേശിൽ നിന്നുള്ള കാൺപൂർ-ന്യൂഡൽഹി ശതാബ്ദി, പ്രയാഗ്രാജ് എക്സ്പ്രസ്, ശ്രംശക്തി എക്സ്പ്രസ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രധാന സർവീസുകൾ പൂർണമായി നിർത്തിവച്ചു.
എന്നാൽ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട കേരള എക്സ്പ്രസ് ഉൾപ്പെടെയുള്ള ചില സർവീസുകൾ റദ്ദാക്കലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിനുപുറമെ, മുംബൈയിൽ നിന്നുള്ള പ്രമുഖ തേജസ് രാജധാനി അടക്കമുള്ള ചില ട്രെയിനുകൾ സമയമാറ്റം വരുത്തുകയും മറ്റു ചിലത് യാത്ര ചുരുക്കുകയും ചെയ്തിട്ടുണ്ട്.
National
ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധിക്കാനെത്തിയപ്പോൾ കസ്റ്റഡിയിലെടുത്ത മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഡൽഹി പൊലിസ് വിട്ടയച്ചു. മന്ദിർ മാർഗ് പൊലിസ് സ്റ്റേഷനിൽ നിന്നാണ് പിണറായിയെ വിട്ടയച്ചത്. രാവിലെ 10.30നാണ് പിണറായിയെ കസ്റ്റഡിയിലെടുത്തതാണ്. എട്ട് മണിക്കൂറിന് ശേഷമാണ് പൊലിസ് അദ്ദേഹത്തെ വിട്ടയച്ചത്.
പത്തരയ്ക്ക് കസ്റ്റഡിയിലെടുത്ത പിണറായിയെ മൂന്നര മണിക്കൂറോളം വാഹനത്തിൽ വട്ടംകറക്കിയ ശേഷമാണ് ഡൽഹി പൊലിസ് മന്ദിർ മാർഗ് സ്റ്റേഷനിൽ എത്തിച്ചത്. ഡൽഹി പൊലിസ് നടപടിക്കെതിരെ പുറത്തിറങ്ങിയ പിണറായി രൂക്ഷമായി വിമർശിച്ചു. മൂന്നര മണിക്കൂറോളം തന്നെ വാഹനത്തിൽ കറക്കിയ ശേഷമാണ് മന്ദിർ മാർഗ് പൊലിസ് സ്റ്റേഷനിൽ എത്തിച്ചതെന്ന് പിണറായി പറഞ്ഞു. ഇത്തരത്തിൽ ചെയ്താൽ പ്രതിഷേധം തണുപ്പിക്കാമെന്ന് പൊലിസ് കരുതണ്ട. ഗ്യാനേഷ് രാജിവയ്ക്കും വരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്നും പിണറായി അഭിപ്രായപ്പെട്ടു.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കളെ ഡൽഹി പൊലിസ് കസ്റ്റഡിയിലെടുത്തു. എം.എ ബേബി, ഇ.പി ജയരാജൻ, എം.വി ഗോവിന്ദൻ, കെ.കെ ശൈലജ, പി.കെ ശ്രീമതി, കെ.എൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എംപി തുടങ്ങിയ നേതാക്കളെയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേരള ഹൗസിൽ നിന്ന് മാർച്ചിന് തയാറെടുക്കുന്നതിനിടെയായിരുന്നു പൊലിസ് നടപടി.
ഗ്യാനേഷ് കുമാറിന്റെ രാജിയ്ക്ക് വേണ്ടിയുള്ള പ്രതിഷേധമാണിതെന്ന് പിണറായി വിജയൻ പറഞ്ഞു. ജനാധിപത്യത്തിനോടുള്ള വെല്ലുവിളിയാണിത്. ഗ്യാനേഷ് കുമാർ ജനാധിപത്യ അവകാശങ്ങൾ നിഷേധിച്ചു. ജനങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കാനുള്ള ശ്രമം നടന്നു.
13 കോടിയോളം ആളുകളുടെ വോട്ടവകാശം നിഷേധിച്ചത് കേന്ദ്രത്തിന്റെ താത്പര്യത്തിന് വേണ്ടിയാണ്. കേന്ദ്രം ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ വഴി വിട്ട നീക്കങ്ങൾ നടത്തുകയാണെന്നും പിണറായി വിജയൻ വ്യക്തമാക്കി.
കേരളത്തിലെ സാഹചര്യവുമായി എസ്ഐആറിന് ബന്ധമുണ്ടോയെന്ന ചോദ്യത്തിന് എസ്ഐആർ നടപ്പാക്കിയ എല്ലായിടത്തും അതിന്റെ പ്രത്യാഘാതം ഉണ്ടായിട്ടുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. രാജ്യതലസ്ഥാനത്ത് എന്തിന് ഇങ്ങനെയൊരു അവസ്ഥ കേന്ദ്രം ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു.
സുപ്രീം കോടതി ഉൾപ്പെടെ പ്രതിഷേധിക്കാനുള്ള അവകാശം ഹനിക്കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ജനാധിപത്യത്തിനോട് ബഹുമാനമില്ലാത്തവരാണ് കേന്ദ്രത്തിലുള്ളതെന്നും അദ്ദേഹം വിമർശിച്ചു.
National
ന്യൂഡൽഹി: സിജെപി സ്ഥാപകൻ അഭിജീത് ദീപ്കേയെ ഡൽഹി പൊലിസ് കസ്റ്റഡിയിലെടുത്തു. ഡൽഹിയിലെ സിജെപി സമരത്തിനെത്തിയ ദീപ്കേയെ വിമാനത്തിൽ നിന്നാണ് പൊലിസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയപ്പോഴാണ് ദീപ്കെയെ കസ്റ്റിഡിയിലെടുത്തത്.
ഒപ്പമുണ്ടായിരുന്ന സിജെപി വക്താവ് സൗരവ് ദാസ്, ആഷുതോഷ് റാങ്ക എന്നിവരെയും വിമാനത്തിൽ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിമാനത്തിൽ നിന്നും ഇറങ്ങാൻ പോലും സാധിച്ചില്ലെന്ന് ദീപ്കേ പ്രതികരിച്ചു.
ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിന് മുമ്പായി സിജെപി പ്രതിഷേധത്തിന്റെ മുഖമായ ധ്രുവ് റാഠിയെയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുഡ്ഗാവിലെ വീട്ടില് നിന്നാണ് ഇന്ന് രാവിലെ കസ്റ്റഡിയില് എടുത്തത്.
50 ഓളം പൊലീസുകാർ വെള്ളിയാഴ്ച തന്നെ ധ്രുവ് റാഠിയുടെ വസതി വളഞ്ഞിരുന്നു. രാവിലെ വീട്ടിയിൽ കയറി റാഠിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഏകാധിപതി യുവാക്കളെ കണ്ട് ഭയന്ന് കഴിഞ്ഞുവെന്നാണ് സിജെപിയുടെ പ്രതികരണം.ധ്രുവ് റാഠിയ്ക്ക് പുറമെ സിപിഎം നേതാക്കളായ എം.എ. ബേബി, എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ എന്നിവരെയും ഡൽഹി പൊലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അതേസമയം, കേന്ദ്ര സർക്കാരിന്റെ നടപടിയിൽ സിജെപി അപലപിച്ചു. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരായ ജനാധിപത്യപരമായ വിയോജിപ്പുകളെ അടിച്ചമർത്താൻ ലക്ഷ്യമിട്ട്, നഗരത്തിലുടനീളം സർക്കാർ നടത്തുന്ന തീവ്രമായ നടപടികളുടെ ഭാഗമാണ് ഈ അറസ്റ്റുകൾ.
റാഠിയെയും, നിലവിൽ കസ്റ്റഡിയിലുള്ള നൂറുകണക്കിന് മറ്റ് പൗരന്മാരെയും വിദ്യാർഥി പ്രവർത്തകരെയും ഉടനടി, യാതൊരു ഉപാധികളുമില്ലാതെ വിട്ടയക്കണമെന്ന് സിജെപി ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിന് മുമ്പായി സിജെപി പ്രതിഷേധത്തിന്റെ മുഖമായ ധ്രുവ് റാഠിയെ കസ്റ്റഡിയില് എടുത്ത് പൊലിസ്. ഗുഡ്ഗാവിലെ വീട്ടില് നിന്നാണ് ഇന്ന് രാവിലെ കസ്റ്റഡിയില് എടുത്തത്.
50 ഓളം പൊലീസുകാർ വെള്ളിയാഴ്ച തന്നെ ധ്രുവ് റാഠിയുടെ വസതി വളഞ്ഞിരുന്നു. രാവിലെ വീട്ടിയിൽ കയറി റാഠിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഏകാധിപതി യുവാക്കളെ കണ്ട് ഭയന്ന് കഴിഞ്ഞുവെന്നാണ് സിജെപിയുടെ പ്രതികരണം.ധ്രുവ് റാഠിയ്ക്ക് പുറമെ സിപിഎം നേതാക്കളായ എം.എ. ബേബി, എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ എന്നിവരെയും ഡൽഹി പൊലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അതേസമയം, കേന്ദ്ര സർക്കാരിന്റെ നടപടിയിൽ സിജെപി അപലപിച്ചു. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരായ ജനാധിപത്യപരമായ വിയോജിപ്പുകളെ അടിച്ചമർത്താൻ ലക്ഷ്യമിട്ട്, നഗരത്തിലുടനീളം സർക്കാർ നടത്തുന്ന തീവ്രമായ നടപടികളുടെ ഭാഗമാണ് ഈ അറസ്റ്റുകൾ.
റാഠിയെയും, നിലവിൽ കസ്റ്റഡിയിലുള്ള നൂറുകണക്കിന് മറ്റ് പൗരന്മാരെയും വിദ്യാർഥി പ്രവർത്തകരെയും ഉടനടി, യാതൊരു ഉപാധികളുമില്ലാതെ വിട്ടയക്കണമെന്ന് സിജെപി ആവശ്യപ്പെട്ടു.
National
മുംബൈ: സമരം തുടങ്ങും മുന്നെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയം സമ്മതിച്ചുവെന്ന് കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷ്ണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനായി ഡൽഹിയിലേയ്ക്ക് തിരിക്കും മുമ്പ് മുമ്പ് മുംബൈയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അഭിജിത്ത് ദീപ്കെ.
രാജ്യത്തെ യുവാക്കളെ മോദി ഇത്രയധികം ഭയപ്പെടുന്നുണ്ടെങ്കിൽ, പിന്നെ എന്തിനാണ് പ്രധാനമന്ത്രി കസേരയിൽ ഇരിക്കുന്നതെന്നും ദീപ്കെ ചോദിച്ചു. സമരം തുടങ്ങും മുന്നേ മോദി പരാജയം സമ്മതിച്ചെന്ന് ദീപ്കെ എക്സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.
"നരേന്ദ്ര മോദി ഒരു ഏകാധിപതിയാണ്. അദ്ദേഹം ഭയന്നിരിക്കുകയാണ്, അതുകൊണ്ടാണ് ഡൽഹി മെട്രോയും റോഡുകളും എല്ലാം അടച്ചുപൂട്ടിയത്. രാജ്യത്തെ യുവാക്കളെ അദ്ദേഹം ഇത്രയധികം ഭയപ്പെടുന്നുണ്ടെങ്കിൽ, പിന്നെ എന്തിനാണ് പ്രധാനമന്ത്രിക്കസേരയിൽ ഇരിക്കുന്നത്?" - അഭിജിത്ത് ദീപ്കെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നരേന്ദ്ര മോദിയും അമിത് ഷായും സ്വന്തം രാജ്യത്തെ ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കാൻ ആഗ്രഹിക്കുകയാണോ? സ്വന്തം പൗരന്മാർക്കെതിരെ പൊലീസിനെയും സൈന്യത്തെയും അഴിച്ചുവിടാൻ മാത്രം ഗ്യാനേഷ് കുമാർ അവർക്ക് അത്ര പ്രിയപ്പെട്ടവനാണോ? മോദി ഭയന്നിരിക്കുകയാണ്, കാരണം ഇതിനുശേഷം ഈ നാട്ടിലെ ജനങ്ങൾ തനിക്ക് വോട്ട് ചെയ്യില്ലെന്ന് അദ്ദേഹം ഭയപ്പെടുന്നുവെന്നും അഭിജിത്ത് ദീപ്കെ അഭിപ്രായപ്പെട്ടു.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷ്ണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്ട്ടി നിശ്ചയിച്ചിരിക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പൊലിസ്. പ്രതിഷേധത്തിനായി ഡൽഹിയിലെത്തിയവരെ പൊലിസ് പലയിടങ്ങളിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയാണ്. ഇതുവരെ 150 പേരെ കസ്റ്റഡിയിലെടുത്തതായി പൊലിസ് അറിയിച്ചു.
രാവിലെ പത്തിന് ജന്തര് മന്തറിലേക്ക് എത്തിച്ചേരാനാണ് സിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാൽ സിജെപി പ്രതിഷേധത്തിന് ഇതുവരെ അനുമതി നല്കിയിട്ടില്ല. നിലവില് ജന്തര് മന്തറില് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജന്തര് മന്തറിന്റെ നാല് കിലോമീറ്റര് ചുറ്റളവില് 24 മണിക്കൂര് ഇന്റര്നെറ്റ് സേവനങ്ങള്ക്ക് നിരോധനമേര്പ്പെടുത്തിയിട്ടുണ്ട്.ലവില് ജന്തര് മന്തറില് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് രാത്രി 10 വരെയാണ് നിയന്ത്രണമുള്ളത്.
പ്രതിഷേധക്കാരെ നേരിടാനായി ഡൽഹി പൊലിസിന്റെയും കേന്ദ്രസേനയുടെയും 40,000ത്തിലധികം ഉദ്യോഗസ്ഥരെ ആണ് വിന്യസിച്ചിരിക്കുന്നത്. ബാരിക്കേഡുകൾക്ക് പുറമേ, റോഡുകളിൽ താൽകാലിക മുള്ളുകമ്പികൾ അടക്കം സ്ഥാപിച്ചുതുടങ്ങി. വാഹങ്ങൾ കടത്തിവിടാതിരിക്കാൻ പൊലിസിന്റെ നീക്കം. പ്രതിഷേധത്തിന് മുന്നോടിയായി മാൻഡി ഹൗസിൽ ആർഎഎഫ് ഫ്ലാഗ് മാർച്ച് നടത്തി.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ മൂന്നാം ദിനവും ഇന്ത്യാ സഖ്യം എംപിമാരുടെ അപ്രതീക്ഷിത പ്രതിഷേധം. കഴിഞ്ഞ ദിവസം ജന്തർ മന്തറിലേക്കായിരുന്നെങ്കിൽ ഗാന്ധിസമാധിയായ രാജ്ഘട്ടിലായിരുന്നു ഇന്നലെ പ്രതിഷേധം.
തലേദിവസത്തെ അപേക്ഷിച്ച് രാജ്ഘട്ടിലെ പ്രതിഷേധം സമാധാനപൂർണമായിരുന്നു. രാജ്ഘട്ടിലെ ഗാന്ധിസ്മാരകത്തിൽ പുഷ്പാർച്ചനയും പ്രാർഥനയും നടത്തി പ്രതിപക്ഷ നേതാക്കൾ മടങ്ങി. എന്നാൽ, വരുംദിവസങ്ങളിൽ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കൂടുതൽ ശക്തമാകുമെന്ന് നേതാക്കൾ അറിയിച്ചു.
ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ് രാജ്ഘട്ടിലേക്ക്
മൂന്നാം ദിവസത്തെ പ്രതിഷേധത്തിലെ നയതന്ത്രവും ബുധനാഴ്ചത്തെപ്പോലെയായിരുന്നു. സാഗർ രത്ന ഹോട്ടലിന് അടുത്തുതന്നെയുള്ള മോയെറ്റ്സ് ഹോട്ടലിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്നലെ എംപിമാർക്ക് ഉച്ചഭക്ഷണം ഒരുക്കിയപ്പോൾത്തന്നെ പൊലിസ് കഴിഞ്ഞ ദിവസത്തിന്റെ ആവർത്തനം മണത്തു.
നിശ്ചയിക്കപ്പെട്ട സമരവേദിയായ ജന്തർ മന്തറിൽ പ്രതിഷേധം നടത്തുകയെന്ന നിശ്ചയദാർഢ്യമായിരുന്നു കഴിഞ്ഞ ദിവസം കണ്ടതെങ്കിൽ അഹിംസാപരമായ സമരത്തിന്റെ സന്ദേശം നൽകി രാജ്ഘട്ടിലേക്കായിരുന്നു ഇന്നലെ എംപിമാർ മൂന്ന് ബസുകളിലായി പ്രതിഷേധത്തിനായി തിരിച്ചത്. കൊണാട്ട് പ്ലേസിൽനിന്ന് നാലു കിലോമീറ്റർ അപ്പുറമുള്ള രാജ്ഘട്ടിലേക്ക് എംപിമാർ ബസിൽ പോകുമ്പോൾ നൂറോളം സുരക്ഷാ ഉദ്യോഗസ്ഥരും മുന്നൂറോളം പ്രവർത്തകരും ബസുകൾക്ക് അകമ്പടിയേകി.
ത്രിവർണം ചൂടി നിൽക്കുന്ന ഡൽഹിയിലെ ഐതിഹാസിക റെയിൽവേ ഓവർ ബ്രിഡ്ജായ മിന്റോ റോഡിനു താഴെക്കൂടിയും കൂറ്റൻ കെട്ടിടമായ ഡോ.എസ്.പി മുഖർജി സിവിക് സെന്ററിനു സമീപത്തുകൂടിയും രാംലീല മൈതാനത്തിനും തുർക്ക്മാൻ ഗേറ്റിനുമിടയിലൂടെയുള്ള ചേരികളിലൂടെയും ബസ് കടന്നുപോയപ്പോൾ "യഥാർഥ' ഇന്ത്യയിലൂടെയുള്ള ബസ് യാത്ര കൂടിയായി എംപിമാർക്ക്. ജനങ്ങളുടെയും വഴിയാത്രക്കാരുടെയും അഭിവാദ്യം ഏറ്റുവാങ്ങിയായിരുന്നു നാലു കിലോമീറ്റർ യാത്ര.
ഒന്നരമണിക്കൂർ നീണ്ട ബസ് യാത്രയ്ക്കുശേഷം രാജ്ഘട്ടിലെത്തി എംപിമാർ ഓരോരുത്തരായി ഗാന്ധിജിയുടെ സ്മാരകത്തിലേക്കു പ്രവേശിച്ചു. കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും എൻഎസ്യുവിന്റെയും മുന്നൂറിലേറെ പ്രവർത്തകരോടൊപ്പം ഇടത് വിദ്യാർഥി-യുവജന സംഘടനകളായ എഐഎസ്എഫും എഐവൈഎഫും സമരത്തിനു പിന്തുണ നൽകിയതോടെ രാജ്ഘട്ട് പരിസരം പ്രതിഷേധധ്വനികളിൽ മുങ്ങി.
എന്നാൽ നേതാക്കൾ ഗാന്ധിസമാധിയിൽ പ്രാർഥനകൾ മാത്രം നടത്തി മടങ്ങുകയായിരുന്നു.
National
ന്യൂഡൽഹി: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിലെ ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം മൂന്നാം ദിവസവും ശക്തമായി തുടരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണ യോഗത്തിന് ശേഷം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ള ഇന്ത്യ മുന്നണി എംപിമാരും നേതാക്കളും ഡൽഹി രാജ്ഘട്ടിൽ എത്തി സത്യാഗ്രഹ സമരം ആരംഭിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്നുവെന്നും പൗരന്മാരുടെ വോട്ടവകാശം കവർന്നെടുക്കുന്നുവെന്നും നേതാക്കൾ ആരോപിച്ചു. ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രക്ഷോഭം തുടരുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. രാജ്ഘട്ട് പരിസരത്തും ബിജെപി ആസ്ഥാനത്തിന് ചുറ്റും കനത്ത സുരക്ഷയാണ് ഡൽഹി പൊലിസ് ഏർപ്പെടുത്തിയിരിക്കുന്നത്. ജന്തർമന്തറിൽ പ്രതിഷേധം നടത്താൻ അനുമതി തേടി ഡൽഹി ഹൈക്കോടതിയിൽ യൂത്ത് കോൺഗ്രസ് ഹർജി നൽകിയിട്ടുമുണ്ട്.
National
ബംഗളൂരു: തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ജന്തർ മന്തർ സമരത്തിനു മുന്നോടിയായി ബംഗളൂരുവിൽ പ്രതിഷേധ റാലി നടത്തി സിജെപി. നടന് പ്രകാശ് രാജ്, യൂട്യൂബര് ധ്രുവ് റാത്തി, എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് തുടങ്ങിയവര് പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്നും വോട്ട് മോഷണം നടത്തിയെന്നും സിജെപി നേതാവ് അഭിജീത് ദീപ്കെ ആരോപിച്ചു. ജനവികാരം മാറുന്നത് മോദി തിരിച്ചറിഞ്ഞിട്ടുണ്ട്. അതു വോട്ടിംഗിൽ പ്രതിഫലിക്കുമെന്ന് അവർ ഭയപ്പെടുന്നു. അതുകൊണ്ടാണ് തങ്ങൾക്കു കിട്ടാത്ത വോട്ടുകൾ കൂട്ടത്തോടെ ഒഴിവാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്നത് ഒരു മുദ്രാവാക്യം മാത്രമാണ്. അതിനു പിന്നിലുള്ളത് ഗൂഢലക്ഷ്യങ്ങളാണ്. ബിജെപി ലക്ഷ്യമിടുന്നത് 'ഒരു രാജ്യം, ഒരു പാർട്ടി' എന്ന അവസ്ഥയ്ക്കാണ്. ഹിറ്റ്ലറും ഈ ലക്ഷ്യം വച്ചാണ് പ്രവർത്തിച്ചത്. ഹിറ്റ്ലർക്ക് എന്തു സംഭവിച്ചു എന്ന് ഓർക്കുന്നത് നല്ലതാണെന്നും അഭിജീത് കൂട്ടിച്ചേർത്തു.
അതേസമയം, ഗ്യാനേഷ് കുമാറിനേക്കാൾ വലിയ വഞ്ചകൻ വേറെയില്ലെന്ന് യൂ ട്യൂബർ ധ്രുവ് റാത്തി പറഞ്ഞു. ഇത് തന്റെ ആദ്യ പ്രതിഷേധ സമരമാണെന്നും താൻ ഇവിടെ എത്തിയത് സർക്കാരിനെ മാറ്റാനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ട് മോഷണം എന്നത് ഒരു യാഥാർഥ്യമാണ്. അതിനുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും ധ്രുവ് റാത്തി പറഞ്ഞു.
ഇതു രാജ്യത്തിന്റെ നട്ടെല്ല് തകർക്കുന്നതിനെതിരായ പോരാട്ടമാണെന്നും അറസ്റ്റ് ചെയ്ത് തോൽപ്പിക്കാമെന്ന് കരുതേണ്ടെന്നും എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് പറഞ്ഞു.
National
ന്യൂഡൽഹി: വോട്ടർ പട്ടിക പരിഷ്കരണത്തിലെ (എസ്ഐആർ) ക്രമക്കേടുകൾക്കെതിരേ പ്രതിപക്ഷ ഇന്ത്യാ സഖ്യം പ്രക്ഷോഭം ശക്തമാക്കിയ പശ്ചാത്തലത്തിൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ സുരക്ഷ വർധിപ്പിച്ചു.
രഹസ്യാന്വേഷണ വിവരങ്ങളുടെയും ഡൽഹിയിൽ തുടരുന്ന പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വസതിക്കുമുന്നിൽ കൂടുതൽ പൊലിസ് സേനയെ വിന്യസിച്ചത്. നിലവിൽ 'ഇസെഡ് പ്ലസ്' കാറ്റഗറി സുരക്ഷയാണ് അദ്ദേഹത്തിനുള്ളത്.
പ്രധാനമന്ത്രിക്ക് നൽകുന്ന എസ്പിജി സുരക്ഷ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സുരക്ഷാവിഭാഗമാണിത്. 50ഓളം സുരക്ഷാ ഉദ്യോഗസ്ഥർ ഷിഫ്റ്റുകളിലായി അദ്ദേഹത്തിന്റെ വസതിക്കും വാഹനവ്യൂഹത്തിനും സുരക്ഷ ഒരുക്കുന്നുണ്ട്.
ന്യൂഡൽഹി മേഖലയിലുടനീളം പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ശക്തമായതിനാൽ, അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ എല്ലാ സുരക്ഷാ ഏജൻസികളും പരസ്പരം ഏകോപിപ്പിച്ചു പ്രവർത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
Kerala
ബംഗളൂരു: വോട്ടർ പട്ടികയിലെ വ്യാപകമായ ക്രമക്കേടുകൾക്കും വോട്ടുകൊള്ളയ്ക്കുമെതിരേ രാജ്യ തലസ്ഥാനത്തും മുംബൈയിലും അലയടിച്ച പ്രതിഷേധം ബംഗളൂരുവിലേക്കും പടരുന്നു. പ്രക്ഷോഭത്തിന് ആവേശം പകരാൻ പ്രമുഖ യു ട്യൂബറും ഇൻഫ്ലുവൻസറുമായ ധ്രുവ് റാത്തിയും ബംഗളൂരുവിൽ നേരിട്ടെത്തി. ബംഗളൂരു ഫ്രീഡം പാർക്കിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിച്ച 'പീപ്പിൾസ് ട്രൈബ്യൂണൽ' പ്രക്ഷോഭത്തിലും തുടർന്നു നടക്കുന്ന പ്രതീകാത്മക 'ചെരുപ്പ് പ്രതിഷേധത്തിലും' സിജെപി ഭാരവാഹികൾക്കൊപ്പം ധ്രുവ് റാത്തിയും ചലച്ചിത്ര താരവും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജും അണിനിരന്നു.
വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് അകാരണമായി പേര് ഒഴിവാക്കപ്പെട്ടവർക്കായാണു പീപ്പിൾസ് ട്രൈബ്യൂണൽ സംഘടിപ്പിച്ചത്. ഇതിനുശേഷമാണ് സ്ത്രീകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള 'ചെരുപ്പ് പ്രതിഷേധം'. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ഈ നിർണായക പോരാട്ടത്തിൽ എല്ലാ പൗരന്മാരും യുവാക്കളും പങ്കാളികളാകണമെന്ന് പ്രകാശ് രാജും ധ്രുവ് റാത്തിയും ആഹ്വാനം ചെയ്തു.
സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വോട്ടവകാശം നഷ്ടപ്പെട്ട നിരവധി ഇരകൾ തെളിവുകളുമായി ഫ്രീഡം പാർക്കിൽ എത്തിച്ചേർന്നിട്ടുണ്ട്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഫ്രീഡം പാർക്കിലും പരിസരത്തും കനത്ത പൊലിസ് സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
മോദി സർക്കാരിന്റെ കണ്ണിലെ കരട്
കേന്ദ്രനയങ്ങൾക്കും ബിജെപിയുടെ നിലപാടുകൾക്കുമെതിരേ കൃത്യമായ കണക്കുകളും വസ്തുതകളും നിരത്തി ആഞ്ഞടിക്കുന്ന ധ്രുവ് റാത്തി തത്സമയ വസ്തുതാന്വേഷണ വീഡിയോകളിലൂടെ കേന്ദ്ര ഭരണകൂടത്തിന് എന്നും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
2014ൽ മോദി സർക്കാർ അധികാരമേറ്റതു മുതൽ ഇലക്ടറൽ ബോണ്ട്, വിലക്കയറ്റം, തൊഴിലില്ലായ്മ, മാധ്യമസ്വാതന്ത്ര്യം, വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങളിൽ ധ്രുവ് നടത്തിയ വിശകലനങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. കോടിക്കണക്കിനു കാഴ്ചക്കാരുള്ള ധ്രുവിന്റെ യു ട്യൂബ് ചാനൽ വരിക്കാരുടെ എണ്ണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ചാനലിനെപ്പോലും മറികടന്നിരുന്നു.
ഹരിയാനയിലെ റോഹ്തക് സ്വദേശിയായ ധ്രുവ്, ജർമനിയിലെ കാൾസ്രൂ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഉന്നതവിദ്യാഭ്യാസത്തിനുശേഷം ബർലിനിൽ സ്ഥിരതാമസമാക്കുകയായിരുന്നു. ബർലിനിലെ സ്വന്തം ഹോം സ്റ്റുഡിയോയിൽനിന്നുമാണ് അദ്ദേഹം പ്രധാനമായും വീഡിയോകൾ ചിത്രീകരിക്കുന്നത്.
നിരന്തര സൈബർ ആക്രമണങ്ങൾ നേരിടുമ്പോഴും ധ്രുവിന്റെ ജനപ്രീതിയും സ്വാധീനവും വർധിക്കുക മാത്രമാണു ചെയ്തത്. ശനിയാഴ്ച ഡൽഹി ജന്തർ മന്തറിലും സമരത്തിന് നേരിട്ടെത്തുമെന്ന പ്രഖ്യാപനത്തോടെ, ധ്രുവ് റാത്തി ഇപ്പോൾ ഡിജിറ്റൽ ഇടങ്ങളിൽ മാത്രമല്ല, തെരുവ് പ്രക്ഷോഭങ്ങളുടെ മുൻനിരയിലേക്കും കടന്നുവന്നിരിക്കുകയാണ്.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷ്ണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഡൽഹി പ്രതിഷേധത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും കേസെടുത്ത് പൊലിസ്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെ ഉള്ളവർക്കെതിരെയാണ് വീണ്ടും കേസെടുത്തിരിക്കുന്നത്.
ബുധനാഴ്ച നടന്ന പ്രതിഷേധത്തിനിടെ പൊലിസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്തി എന്നാരോപിച്ചാണ് കേസ്. ആകെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്.
അതേസമയം, പ്രതിഷേധത്തിൽ പങ്കെടുക്കാൻ കൂടുതൽ നേതാക്കൾ ഡൽഹിയിലെത്തി. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി പ്രതിഷേധത്തിൽ പങ്കെടുക്കും. ഇന്നത്തെ പ്രതിഷേധത്തിലാണ് പങ്കെടുക്കുന്നത്. ഇന്നും ഉച്ചക്ക് ശേഷമായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക. അതിനിടെ, രാഷ്ട്രപതിയെ കാണാനുള്ള 10 പേരെ നിശ്ചയിക്കാൻ രാവിലെ 11ന് നേതാക്കൾ ആശയവിനിമയം നടത്തും.
അതേസമയം, ഇന്നും പ്രതിഷേധം കടുക്കും എന്നറിഞ്ഞതോടെ 11,000 അധിക കേന്ദ്രസേനാംഗങ്ങൾ ഡൽഹിയിലേയ്ക്ക് പുറപ്പെട്ടു. ഈ മാസം 12 വരെ 110 സിഎപിഎഫ് കമ്പനികൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. ഇതോടെ ആകെ 26000 കേന്ദ്രസേനാ അംഗങ്ങളാണ് നഗരത്തിൽ സുരക്ഷയ്ക്കെത്തുക. പ്രതിഷേധത്തിൽ വനിത പങ്കാളിത്തം കണക്കിലെടുത്ത് അഞ്ച് വനിതാ സിഎപിഎഫ് കമ്പനികളും ഏർപ്പെടുത്തിയിട്ടുണ്ട്.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയിൽനിന്ന് ഒരടി പിന്നോട്ടില്ലെന്നു തീരുമാനമെടുത്തതോടെ രൂപവും ഭാവവും മാറി പ്രതിപക്ഷ പ്രതിഷേധം. വോട്ടുകൊള്ള നടത്തിയ ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം അടിവരയിടുന്ന തരത്തിലാണ് തുടർച്ചയായ രണ്ടാം ദിനവും രാജ്യ തലസ്ഥാനം സമരത്തീയിൽ ഉരുകിയത്.
പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിലെ എംപിമാർക്ക് രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ നൽകിയ ഉച്ചഭക്ഷണത്തിനു പിന്നാലെയാണ് മിന്നൽ പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാർ കേന്ദ്രസർക്കാരിനെയും പൊലിസിനെയും വട്ടം കറക്കിയത്.
◄ബസുകൾ തടഞ്ഞതോടെ പ്രതിഷേധം
കൊണാട്ട് പ്ലേസിൽനിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ജന്തർ മന്തറിലേക്ക് മൂന്നു ബസുകളിലായി പോകാനുള്ള പ്രതിപക്ഷ എംപിമാരുടെ നീക്കം പാതിവഴിയിൽവച്ച് പൊലിസ് തടഞ്ഞതോടെ പ്രതിഷേധം അണപൊട്ടി. പ്രവർത്തകരും പൊലിസും നടുറോഡിൽ ഏറ്റുമുട്ടി. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമുൾപ്പടെയുള്ള നേതാക്കളെ പൊലിസ് വലിച്ചിഴച്ചു കസ്റ്റഡിയിലെടുത്തതോടെ ഡൽഹിയിലെ തിരക്കേറിയ മേഖലകളിൽ മണിക്കൂറോളം അരങ്ങേറിയത് നാടകീയ രംഗങ്ങൾ.
◄രാഹുലിനെ കൊണ്ടുപോയ വാൻ പഞ്ചറാക്കി
രാഹുലിനെ കസ്റ്റഡിയിലെടുത്തുകൊണ്ടുപോയ വാനിന്റെ ടയർ പാതിവഴിയിൽ കോൺഗ്രസ് പ്രവർത്തകർ പഞ്ചറാക്കിയതോടെ പൊലിസ് കൂടുതൽ പ്രതിരോധത്തിലായി. പിന്നീട് മറ്റൊരു വാഹനം എത്തിച്ചാണ് രാഹുലിനെ മാത്രമായി ബാരക്കമ്പ പൊലിസ് സ്റ്റേഷനിലേക്കു കൊണ്ടുപോയത്. കസ്റ്റഡിയിലെടുത്ത രാഹുൽ ഉൾപ്പടെയുള്ള നേതാക്കളെ പിന്നീട് വിട്ടയച്ചു.
പതിവു തെറ്റിച്ച് സ്വന്തം വസതിയിൽ നൽകേണ്ടിയിരുന്ന വിരുന്ന് തിരക്കേറിയ കൊണാട്ട് പ്ലേസിലെ ഹോട്ടലിലേക്കു മാറ്റിയതോടെ സമരത്തിനുള്ള കോപ്പുകൂട്ടലാണെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ സമരം ഏതു രീതിയിലായിരിക്കും എന്നതിനെപ്പറ്റി ഒരു സൂചനപോലും പുറത്തുവിട്ടിരുന്നില്ല.
◄നാടകീയ രംഗങ്ങൾ
ഉച്ചഭക്ഷണം കൊണാട്ട് പ്ലേസിലാണു ക്രമീകരിച്ചിരിക്കുന്നതെന്ന് അറിഞ്ഞതിനു പിന്നാലെ വൻ പൊലിസ് സന്നാഹത്തെ പ്രദേശത്തു വിന്യസിച്ചിരുന്നു. നടക്കാൻ മാത്രം ദൂരമുള്ള സമര സിരാകേന്ദ്രമായ ജന്തർ മന്തറിലേക്ക് കൊണാട്ട് പ്ലേസിൽനിന്നുള്ള റോഡും പൊലിസ് ബാരിക്കേഡ് നിരത്തി തടഞ്ഞു.
ഭക്ഷണത്തിനുശേഷം ജന്തർ മന്തർ ലക്ഷ്യമാക്കി മൂന്നു ബസുകളിലായാണ് എംപിമാർ പുറപ്പെട്ടത്. ആദ്യത്തെ ബസിൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെ തുടങ്ങിയ നേതാക്കളുണ്ടായിരുന്നു.
ബസുകൾക്കു മുന്നിൽ കേന്ദ്രസർക്കാരിനെതിരേയും തെരഞ്ഞെടുപ്പു കമ്മിഷണർക്കെതിരേയും മുദ്രാവാക്യങ്ങളുമായി പ്രവർത്തകരും അണിചേർന്നു. ജന്തർ മന്തറിന് നൂറ് മീറ്ററോളം അകലെ എംപിമാരുടെ വാഹനം പൊലിസ് തടഞ്ഞതോടെ പ്രതിഷേധം അണപൊട്ടി.
പ്രവർത്തകരെ ബലമായി പൊലിസ് നീക്കാൻ ശ്രമിക്കുന്നതിനിടെ രാഹുൽ ഗാന്ധി റോഡിലിറങ്ങി ജന്തർ മന്തറിലേക്കു പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലിസ് അനുവദിച്ചില്ല. പിന്നാലെ പ്രിയങ്ക ഉൾപ്പടെ വനിതാ എംപിമാരും ബസിനു പുറത്തിറങ്ങി. പൊലിസ് നേതാക്കളെ ബലമായി നീക്കാൻ ശ്രമിച്ചതോടെ ഉന്തും തള്ളുമായി.
◄രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ
രാഹുലിനെ പൊലിസ് വലിച്ചിഴച്ച് വാനിൽ കയറ്റുകയായിരുന്നു. റോഡിൽ കിടന്നു പ്രതിഷേധിച്ച പ്രിയങ്കയെയും പൊലിസ് ബലമായി കസ്റ്റഡിയിലെടുത്തു നീക്കി. എന്നാൽ, സമരപ്രദേശം പ്രവർത്തകരെക്കൊണ്ടു വളഞ്ഞതോടെ നേതാക്കളെ സ്റ്റേഷനിലേക്കു നീക്കാൻ പൊലിസ് ഏറെ പാടുപെട്ടു. ഇതിനിടെയാണ് രാഹുലിനെ കൊണ്ടുപോയ വാനിന്റെ ടയർ പ്രവർത്തകർ പഞ്ചറാക്കിയത്.
തൊട്ടടുത്ത് കേരള ഹൗസിലുണ്ടായിരുന്ന മുഖ്യമന്ത്രി വി.ഡി. സതീശനും സമരം നടന്ന സ്ഥലത്തേക്കു കാൽനടയായി എത്തി. രാഹുലിനെ കൊണ്ടുപോയ ബാരകമ്പ പൊലിസ് സ്റ്റേഷനിലും നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. രാഹുലിനെ കാണാനെത്തിയ വി.ഡി. സതീശൻ ഉൾപ്പടെയുള്ളവരെ പൊലിസ് തടഞ്ഞു. ഏറെനേരത്തെ വാക്കേറ്റത്തിനുശേഷമാണ് അദ്ദേഹത്തെ അകത്തേക്കു കടത്തിവിട്ടത്.
Leader Page
സ്വതന്ത്ര ഇന്ത്യയില് പുതുചരിത്രം കുറിച്ച പ്രക്ഷോഭങ്ങള്ക്കാണു പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി നേതൃത്വം നല്കുന്നത്. വിവാദ തീവ്ര വോട്ടര്പട്ടിക പരിഷ്കരണത്തിനും മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര് ഗ്യാനേഷ് കുമാറിനുമെതിരേയുമുള്ള സമരം ദിവസവും കൂടുതല് കത്തിപ്പടരുകയാണ്.
വിദ്യാര്ഥികളും യുവജനങ്ങളും ഇതേ ആവശ്യവുമായി പ്രതിഷേധം തുടരുമ്പോള് കേന്ദ്രസര്ക്കാരും ഗ്യാനേഷും പതിവില്ലാത്ത പ്രതിരോധത്തിലാണ്. സമരവീര്യത്തില് രാഹുലും സഹോദരി പ്രിയങ്ക ഗാന്ധി വദ്രയും ആര്ക്കും പിന്നിലല്ലെന്നുകൂടി രണ്ടുദിവസത്തെ ഡല്ഹി പ്രക്ഷോഭം തെളിയിച്ചു. ഇതോടെ സമരാഗ്നി രാജ്യമാകെ കത്തിപ്പടരുകയാണ്.
ഇന്ത്യന് രാഷ്ട്രീയത്തില് പ്രതിപക്ഷ നേതാവ് രാഹുലിന്റെ ഗ്രാഫ് ഉയരുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്രാഫ് ഇടിയുകയും ചെയ്യുന്നുവെന്നതാണു സമരപരമ്പരകളുടെ പ്രത്യേകത.
ദേശീയ തലസ്ഥാനം ഇന്നലെയും ചൊവ്വാഴ്ചയും കണ്ടതെല്ലാം മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണറായി ഗ്യാനേഷ് കുമാര് തുടരാനുള്ള സാധ്യത വിരളമാക്കുകയാണ്. രണ്ടു വര്ഷത്തോളമായി തെളിവുകളോടെ രാഹുല് ഉയര്ത്തിയ വോട്ടുകൊള്ള ആരോപണം ശരിവയ്ക്കുന്നതായിരുന്നു രണ്ടു തെരഞ്ഞെടുപ്പു കമ്മിഷണര്മാരുടെ 14 വിയോജനക്കുറിപ്പുകള്.
മിന്നല്പിണറായി മിന്നല്സമരം
രാഹുലിന്റെ മിന്നല് സമരങ്ങള് മിന്നല്പിണറുകള്പോലെ വന് പ്രകമ്പനം കൊള്ളിക്കുകയാണ്. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം എന്നാണ് രാഹുല് പ്രതിഷേധങ്ങളെ വിശേഷിപ്പിച്ചത്. മോദിയും ഷായുമല്ല, ആരു വിചാരിച്ചാലും ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തില്നിന്നു തങ്ങളെ തടയാനാകില്ലെന്നു രാഹുല് ഇന്നലെയും ആവര്ത്തിച്ചു. എത്ര തടഞ്ഞാലും എത്ര ഉപദ്രിവിച്ചാലും എത്ര ത്യാഗം വേണ്ടി വന്നാലും പോരാട്ടം തുടരുമെന്ന് അദ്ദേഹം തറപ്പിച്ചുപറയുന്നു.
ഇന്ത്യ സഖ്യത്തില് ആശയക്കുഴപ്പവും വിള്ളലുമുണ്ടെന്നു വരുത്താന് ശ്രമിച്ച ബിജെപിയുടെയും ബിജെപി അനുകൂല മാധ്യമങ്ങളുടെയും കുപ്രചാരണം പൊളിക്കാനും രണ്ടു ദിവസമായി ഡല്ഹിയില് നടന്ന പ്രതിപക്ഷ സമരത്തിനു കഴിഞ്ഞു. ലക്ഷ്യത്തിലേക്ക് ഒറ്റക്കെട്ടാണെന്നു പ്രതിപക്ഷം തെളിയിച്ചു. ഗ്യാനേഷ് കുമാറിന്റെ രാജിയില് കുറഞ്ഞതൊന്നും വിലപ്പോകില്ല.
പൊലിസും അര്ധസൈനിക വിഭാഗങ്ങളും കിണഞ്ഞുശ്രമിച്ചിട്ടും രാഹുലിനെയും പ്രിയങ്കയെയും അറസ്റ്റ് ചെയ്തു നീക്കാന്പോലും മണിക്കൂറുകളെടുത്തു. പ്രതിപക്ഷ എംപിമാരെയെല്ലാം അണിനിരത്തി നടത്തിയ സമരമാര്ച്ചിനെ തടയാന് പൊലിസിന്റെയും ബാരിക്കേഡുകളുടെയും ബലം പോരായിരുന്നു.
കേരളത്തില്നിന്നുള്ള യുഡിഎഫ്, എല്ഡിഎഫ് എംപിമാരെല്ലാം മാര്ച്ചില് സജീവമായിരുന്നു. ചൊവ്വാഴ്ച ആകാശവാണി നിലയത്തിന്റെ വളപ്പിലെ ബോധിവൃക്ഷച്ചുവട്ടിലിരുന്നായിരുന്നു ഇരുവരുടെയും മണിക്കൂറുകള് നീണ്ട ചെറുത്തുനില്പ്. കിണഞ്ഞുശ്രമിച്ചിട്ടും രാത്രി വരെ രാഹുലും പ്രിയങ്കയും വേണുഗോപാലും ആല്മര ചുവട്ടില് തുടര്ന്ന് രാജ്യത്താകെ ജനവികാരം ഉണര്ത്തി. മന്ത്രിമാരുടേതിനു തുല്യമായ കാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവിനും പ്രിയങ്കയ്ക്കുമെതിരേ ബലപ്രയോഗവും മര്ദനവുമുണ്ടായതു ജനാധിപത്യത്തിനു ഭൂഷണമല്ല. മുതിര്ന്നവരും വനിതകളുമായ എംപിമാര്ക്കുമെതിരേ കൈയറ്റം നടന്നതായാണു പരാതി. പ്രതിഷേധം ആളിക്കത്തിക്കാനും ഗ്യാനേഷിന്റെ രാജി ഉറപ്പിക്കാനും മാത്രമേ സര്ക്കാരിന്റെ സമരവിരുദ്ധ നടപടികള് വഴിതെളിക്കൂ.
ജനാധിപത്യ വ്യവസ്ഥിതിയില് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്ക്കും പ്രതിപക്ഷ നേതാവിനും പ്രതിഷേധിക്കാനും സമരം നയിക്കാനുമുള്ള അവകാശം അമര്ച്ച ചെയ്യാമെന്ന കേന്ദ്രസര്ക്കാരിന്റെ മോഹംപോലും അപകടമാകും. സര്ക്കാരിന്റെ നിയമലംഘനത്തിനെതിരേ നിയമലംഘനങ്ങളും വേണ്ടി വരുമെന്ന പ്രതിപക്ഷ നേതാക്കളുടെ നിലപാടു തെറ്റാകില്ല.
കേരള മുഖ്യമന്ത്രി വി.ഡി. സതീശനും തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ഇന്നലെ ഡല്ഹിയിലെ പ്രതിഷേധത്തില് പങ്കെടുത്തതും ശ്രദ്ധേയമായി.
രാഹുലിനെ കസ്റ്റഡിയിലെടുത്ത കൊണ്ടുപോയ ബാരക്കംബ റോഡ് പൊലിസ് സ്റ്റേഷനിലേക്കു ഇന്നലെ രാത്രി നടന്നു പോയ മുഖ്യമന്ത്രി സതീശനയെും എംപിമാരെയും പോലീസ് തടഞ്ഞതിനും ന്യായീകരണമില്ല. ഒടുവില് പ്രതിഷേധം കനത്തതോടെയാണു സതീശനെയും പിന്നാലെയെത്തിയ രേവന്ത് റെഡ്ഡിയെയും പൊലിസ് സ്റ്റേഷനിലുള്ള രാഹുലിനെ കാണാന് അനുവദിച്ചത്. കോണ്ഗ്രസ് നേതാവിനെ കാണാന് അദ്ദേഹത്തിന്റെ പാര്ട്ടിയിലെ മുഖ്യമന്ത്രിമാരെയും എംപിമാരെയും അനുവദിക്കില്ലെന്ന നിലപാടിനു ന്യായീകരണം പോലുമില്ല. തീക്കൊള്ളികൊണ്ടു തല ചൊറിയുകയാണു കേന്ദ്രസര്ക്കാരെന്ന് എംപിമാര് മുന്നറിയിപ്പു നല്കിയിട്ടുണ്ട്. എന്തായാലും പ്രതിഷേധിക്കാനുള്ള അവകാശം കവരാന് ആരെയും അനുവദിച്ചുകൂടാ.
മുന്നില് കാണാതെ വെട്ടിലായി കേന്ദ്രം
മിന്നല്സമരങ്ങളുടെ പുതുരൂപങ്ങളിലൂടെയാണു രാഹുല് ഗാന്ധി കേന്ദ്രസര്ക്കാരിനെ തുടര്ച്ചയായി വെട്ടിലാക്കുന്നത്. നേരത്തെ നീറ്റ് ചോദ്യപേപ്പര് ചോര്ച്ചയ്ക്കെതിരേ അതീവസുരക്ഷയുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു പുറത്തു മണിക്കൂറുകള് ധര്ണ നടത്താന് രാഹുലിനും കൂട്ടര്ക്കും കഴിഞ്ഞു. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില് ആദ്യമായാണ് അത്തരത്തിലൊരു പ്രതിഷേധം നടന്നത്. ചൊവ്വാഴ്ച തെരഞ്ഞെടുപ്പു കമ്മിഷന് ആസ്ഥാനത്തേക്കു നടത്തിയ എംപിമാരുടെ മാര്ച്ച് അവസാനിച്ചുവെന്ന തോന്നിച്ചപ്പോഴായിരുന്നു രാഹുലിന്റെ അപ്രതീക്ഷിത നീക്കം. തെരഞ്ഞെടുപ്പു കമ്മിഷനോടു ചേര്ന്നുള്ള ആകാശവാണി മന്ദിര വളപ്പിലേക്കുള്ള രാഹുലിന്റെ കുതിപ്പ് പൊലിസിനെ സ്തംബ്ധരാക്കി. എട്ടു മണിക്കൂറോളം കഴിഞ്ഞാണ് രാഹുലിനെയും പ്രിയങ്കയെയും ബലമായി നീക്കാന് കഴിഞ്ഞത്.
ഇന്നലെയാകട്ടെ ഇന്ത്യ സഖ്യം എംപിമാരെ ഉച്ചഭക്ഷണത്തിനു ക്ഷണിച്ചപ്പോഴും ഡല്ഹി പൊലിസിനും കേന്ദ്രസര്ക്കാരും അപകടം മണക്കാനായില്ല. കൊണാട്ട് പ്ലേസിനടുത്ത് ഭക്ഷണം കഴിഞ്ഞ് മൂന്നു മണിയോടെ കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ അടക്കമുള്ള എംപിമാര് മൂന്നു ബസുകളിലായ തിരിച്ചപ്പോള് മാത്രമാണു പൊലിസ് സംശയിച്ചത്. വിന്ഡ്സര് പ്ലേസ് സര്ക്കിളില് ബസുകള് തടഞ്ഞെങ്കിലും രാഹുലും പ്രിയങ്കയും നേരിട്ടിറങ്ങിയതോടെ പൊലിസ് വെട്ടിലായി. രാഹുലിനെ കസ്റ്റഡിയിലെടുത്ത ശേഷം പഞ്ചറായ വാഹനം മണിക്കൂറോളം പ്രധാന റോഡില് കിടന്നുവെന്നതും പൊലിസിനു നാണക്കേടായി. ഇന്നലെ രാത്രി ഏഴു വരെയെങ്കിലും രാഹുലിനെ കൊണ്ടുപോകുന്നതു തടയാന് യൂത്ത് കോണ്ഗ്രസ്, എന്എസ്യു, മഹിളാ കോണ്ഗ്രസ് പ്രവര്ത്തക്കു കഴിഞ്ഞു.
ആയിരക്കണക്കിനു പൊലിസുകാരെയും കേന്ദ്രസേനാംഗങ്ങളെയും രംഗത്തിറക്കിയിട്ടും രാഹുലും പ്രതിപക്ഷ എംപിമാരും സമരലക്ഷ്യം കണ്ടു. ബിജെപിയിലെയും പൊലിസിലെയും തന്ത്രജ്ഞരുടെ പദ്ധതികളെല്ലാം പൊളിഞ്ഞു.
ഭിന്നിച്ച പ്രതിപക്ഷത്തെ ഒന്നിപ്പിച്ചു
കേരളം ഉള്പ്പടെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളില് ഭിന്നിച്ചു നിന്നിരുന്ന പ്രതിപക്ഷത്തെ ഒന്നിപ്പിക്കാന് പുതിയ സമരപരമ്പരകള്ക്കു കഴിഞ്ഞു. കേന്ദ്രസര്ക്കാരും തെരഞ്ഞെടുപ്പു കമ്മിഷനും ചേര്ന്നു വോട്ടര്പട്ടികയിലും തെരഞ്ഞെടുപ്പു നടപടികളിലും കൃത്രിമം കാട്ടി ജനവിധികള് അട്ടിമറിക്കുന്നതിനെതിരേ രാജ്യത്താകെ ജനവികാരം ഉണര്ത്താനും രാഹുലിന്റെ നേതൃത്വത്തില് നിശ്ചയദാര്ഢ്യത്തോടെ നടത്തിയ പ്രതിഷേധങ്ങള്ക്കു കഴിഞ്ഞു.
National
ന്യൂഡൽഹി: പ്രതിപക്ഷനിരയിൽ വിള്ളലുണ്ടാക്കാൻ ബിജെപി സജീവശ്രമം തുടരുമ്പോഴും വോട്ടർ പട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾക്കെതിരേ ഒറ്റക്കെട്ടായി പൊരുതി ഇന്ത്യാസഖ്യം.
കേന്ദ്രസർക്കാരിനെ ലക്ഷ്യമിട്ടു മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന പ്രതിഷേധ സമരത്തിൽ സഖ്യനേതാക്കളും പ്രവർത്തകരും ഒന്നിച്ചണിനിരന്നു.
തെരഞ്ഞെടുപ്പു കമ്മിഷനെതിരേ ഇന്ത്യാസഖ്യം ഒന്നിക്കുന്ന ഇതു രണ്ടാം തവണയാണ്. ബിഹാറിലെ എസ്ഐആർ നടപ്പാക്കലിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി 2025 ഓഗസ്റ്റ് 11നായിരുന്നു പ്രതിപക്ഷ നേതാക്കൾ ആദ്യമായി തെരുവിലിറങ്ങിയത്.
അന്നു പാർലമെന്റിൽനിന്നു തെരഞ്ഞെടുപ്പു കമ്മിഷൻ ആസ്ഥാനത്തേക്കു മാർച്ച് നടത്തിയവരിൽ പലരും ഇന്ന് മുന്നണിക്കൊപ്പമില്ല. എങ്കിലും പോരാട്ടവീര്യം ഒട്ടും ചോരാതെയാണ് ഇത്തവണയും പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. അംഗസംഖ്യയിൽ കുറവുണ്ടെങ്കിലും സമരച്ചൂടിൽ തങ്ങൾ ഒപ്പമുണ്ടെന്ന ശക്തമായ സന്ദേശമാണ് കഴിഞ്ഞ രണ്ടു ദിവസമായി തലസ്ഥാനത്തുനിന്ന് ഉയർന്നുകേൾക്കുന്നത്.
രാഷ്ട്രീയകാരണങ്ങളാൽ നിലവിൽ സഖ്യത്തിനു പുറത്തുള്ള ഡിഎംകെയും ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമാജ്വാദി പാർട്ടിയും ഇടതുപക്ഷവും സഖ്യത്തിനൊപ്പം ഉറച്ചുനിൽക്കുമ്പോൾ, ചില അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസും സമരത്തിന് പിന്തുണയുമായുണ്ട്. അതേസമയം, ആം ആദ്മി പാർട്ടി സ്വന്തം നിലയിലാണു കമ്മിഷനെതിരേ പ്രതിഷേധിക്കുന്നത്.
“വോട്ട് കൊള്ള’’ എന്ന ആരോപണം രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും മാത്രം സൃഷ്ടിയാണെന്ന ധാരണയായിരുന്നു ആദ്യഘട്ടത്തിൽ മറ്റു പ്രതിപക്ഷ പാർട്ടികൾക്കുണ്ടായിരുന്നത്.
എന്നാൽ, പരമ്പരാഗതമായി തങ്ങൾക്കു സ്വാധീനമുള്ള പല സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ടതോടെയാണു വിഷയം തങ്ങളെയും ഗുരുതരമായി ബാധിക്കുമെന്ന ബോധ്യം സഖ്യകക്ഷികൾക്കുണ്ടായത്. ഇതാണു തെരഞ്ഞെടുപ്പു കമ്മിഷനെതിരേ ഒന്നിച്ചുപോരാടാൻ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത്.
National
ന്യൂഡൽഹി: ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധത്തിൽ സർപ്രൈസ് എൻട്രി നടത്തി കേരള മുഖ്യമന്ത്രി വി.ഡി.സതീശൻ.
മൂന്ന് ബസുകളിലായി ഇന്നലെ ജന്തർ മന്തറിലേക്കു നീങ്ങിയ പ്രതിപക്ഷ എംപിമാരെ ജന്തർ മന്തറിനടുത്തുള്ള ഷാംഗ്രി-ലാ ഇ റോസ് ഹോട്ടലിനുമുന്നിൽ ബാരിക്കേഡുകളിട്ടു തടഞ്ഞപ്പോൾ ഇവിടെനിന്ന് 300 മീറ്റർ മാത്രം മാറിയുള്ള കേരള ഹൗസിലായിരുന്നു വി.ഡി. സതീശൻ.
രാഹുൽ ഗാന്ധിയുൾപ്പടെയുള്ള നേതാക്കളെ ബാരിക്കേഡുകൾ നിരത്തി തടഞ്ഞപ്പോൾ കേരള ഹൗസിൽനിന്ന് വി.ഡി. സതീശൻ കാൽനടയായി പ്രതിഷേധസ്ഥലത്തെത്തി.
രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് ബാരകാംബ പൊലിസ് സ്റ്റേഷനിലേക്കു കൊണ്ടുപോയപ്പോൾ മുഖ്യമന്ത്രി ഇവിടേക്കുമെത്തി.
നേതാക്കളെയാരെയും കടത്തിവിടില്ലെന്നായിരുന്നു പൊലിസിന്റെ ആദ്യനിലപാടെങ്കിലും ഏറെനേരം പൊലിസിനോടു തർക്കിച്ച് വി.ഡി. സതീശൻ സ്റ്റേഷനകത്തേക്കു കയറി രാഹുലിനെ കാണാനുള്ള അനുമതി നേടി.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് വ്യാപക പ്രതിഷേധം. ഇന്ത്യാ സഖ്യ എംപിമാരുടെ നേതൃത്വത്തിൽ പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് ആകാശവാണി ഭവന് മുന്നിൽ പൊലീസ് തടഞ്ഞു. ഇതോടെ നേതാക്കളും എംപിമാരും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ബാരിക്കേഡ് മറികടക്കാൻ എസ്പി എംപിമാർ ശ്രമിച്ചതോടെ പൊലിസുമായി ഉന്തും തള്ളുമുണ്ടായി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. ബിജു ജനതാദൾ നേതാക്കളും അഖിലേഷ് യാദവും പ്രതിഷേധത്തിൽ പങ്കെടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ തുടങ്ങിയ നേതാക്കളും പങ്കെടുക്കുന്നുണ്ട്.
മാർച്ച് കണക്കിലെടുത്ത് ഡൽഹിയിൽ പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധക്കാരെ നേരിടുമ്പോൾ അമിത ബലപ്രയോഗം ഒഴിവാക്കണമെന്ന് പൊലിസിന് നിർദേശം നൽകിയിട്ടുണ്ട്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ സമരം കൂടുതൽ വ്യാപിക്കുകയാണ്.
ഇന്നലെ രാജ്യതലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിദ്യാർഥി-യുവജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇന്ന് കോൺഗ്രസും ഇന്ത്യാ സഖ്യവും നേരിട്ട് നേതൃത്വം ഏറ്റെടുത്തതോടെയാണ് പ്രതിഷേധം കൂടുതൽ ശക്തമായത്.
കനത്ത സുരക്ഷ, ഗതാഗതക്കുരുക്ക്
പ്രതിപക്ഷ പ്രതിഷേധം നേരിടുന്നതിനായി തലസ്ഥാനനഗര പ്രദേശത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ബിഎസ്എഫ്, സിഐഎസ്എഫ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ് അടക്കമുള്ള ആയിരക്കണക്കിനു സുരക്ഷാ സേനയെയാണ് വഴിനീളെ വിന്യസിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പു കമ്മിഷൻ ഓഫീസ്, പാർലമെന്റ് സ്ട്രീറ്റ്, ജന്തർ മന്തർ പ്രദേശങ്ങളിലെ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ സെൻട്രൽ ഡൽഹിയിൽ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
ജന്തർ മന്തറിനു സമീപം അഞ്ചു ദിവസമായി തുടരുന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പൊതുമുതൽ നശിപ്പിക്കൽ, നിരോധനാജ്ഞ ലംഘനം എന്നിവയ്ക്ക് പോലീസ് ഒന്പത് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. ഇടത് സംഘടനകളായ ഐസ, എസ്എഫ്ഐ എന്നിവയുടെ പ്രവർത്തകരടക്കം 18 പേരെ അറസ്റ്റ് ചെയ്യുകയും മുന്നൂറോളം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വോട്ടർ പട്ടികയിൽനിന്നുള്ള പേര് വെട്ടലിനും തൊഴില്ലായ്മയ്ക്കുമെതിരേ കോക്രോച്ച് ജനതാ പാർട്ടി പത്തിന് ജന്തർ മന്തറിൽ വൻ പ്രതിഷേധ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വാഹന പാർക്കിംഗ് നിരക്കിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. ഇന്ന് രാവിലെ പാർക്കിംഗ് ഫീസ് പിരിക്കുന്ന ഗേറ്റ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തുറന്നിടുകയും വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. പോലീസ് എത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞു.
വാഹന പാർക്കിംഗ് ഫീസ് 100 രൂപ മുതൽ 300 രൂപ വരെ വർധിപ്പിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് നേരത്തെ ഇടയാക്കിയിരുന്നു. ആദ്യ എട്ടു മിനിറ്റ് മാത്രമായിരുന്നു സൗജന്യമായി നൽകിയിരുന്നത്. അത് കഴിഞ്ഞാൽ 100 രൂപ മുതലാണ്.
ഐഎൻടിയുസി, എഐടിയുസി ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകളും ഇന്ന് വാഹന പാർക്കിംഗ് ഫീസ് വർധനയ്ക്കെതിരെ പ്രതിഷേധം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
Kerala
പെരിയ: കേരള കേന്ദ്രസര്വകലാശാലയില് ഇന്നും ബുധനാഴ്ചയുമായി നടക്കുന്ന വന്ദേമാതരം സെമിനാര് വിവാദത്തില്. ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് ആര്ലേക്കര് പങ്കെടുക്കുന്ന പരിപാടിക്കെതിരെയാണു പ്രതിഷേധമുയര്ന്നിരിക്കുന്നത്.
ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാര്ഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയില് ആര്എസ്എസ് ആശയബന്ധമുള്ള സംഘടനകളെയും വ്യക്തികളെയും ഉള്പ്പെടുത്തിയതിനെതിരേയാണ് എസ്എഫ്ഐ, എന്എസ്യു, എംഎസ്എഫ് അടക്കമുള്ള വിദ്യാര്ഥിസംഘടനകള് രംഗത്തെത്തിയത്.
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സാഹിത്യഅക്കാദമി, അഖില ഭാരതീയ സാഹിത്യ പരിഷത്ത് എന്നിവയുടെ സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കണ്വീനര് ജെ. നന്ദകുമാറാണ് ഇന്നു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിലെ മുഖ്യപ്രഭാഷകന്. രാജ്യത്തെ മുതിര്ന്ന ആര്എസ്എസ് നേതാക്കളില് ഒരാളാണ് നന്ദകുമാര്. അഖില ഭാരതീയ സാഹിത്യ പരിഷത്തും പ്രജ്ഞാ പ്രവാഹും ആര്എസ്എസിന്റെ പ്രധാനപ്പെട്ട അനുബന്ധ സംഘടനകളാണ്.
വന്ദേമാതരത്തിന്റെ ചരിത്രപ്രാധാന്യം അനുസ്മരിക്കുന്നതില് എതിര്പ്പില്ലെന്നും എന്നാല് ആര്എസ്എസ് സംഘടനകളുമായി സഹകരിച്ച് പരിപാടി സംഘടിപ്പിക്കുന്നത് സര്വകലാശാലയെ കാവിവത്കരിക്കാനുള്ള അജണ്ടയുടെ ഭാഗമാണെന്നും ഇതിനെതിരേ ജനാധിപത്യപരമായി പ്രതിഷേധിക്കുമെന്നും വിദ്യാര്ഥിസംഘടന ഭാരവാഹികള് അറിയിച്ചു.
ഇന്നു രാവിലെ 10നു ലൈബ്രറി സെമിനാര് ഹാളില് നടക്കുന്ന പരിപാടി തമിഴ് എഴുത്തുകാരനും മാധ്യമപ്രവര്ത്തകനുമായ മാലന് വി. നാരായണന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര സര്വകലാശാല വൈസ് ചാന്സലര് പ്രഫ. സിദ്ദു പി. അല്ഗുര് വിശിഷ്ടാതിഥിയാകും. നാളെ രാവിലെ 11നു നടക്കുന്ന സമാപനസമ്മേളനത്തില് ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് ആര്ലേക്കര് മുഖ്യാതിഥിയാകും. സാഹിത്യ അക്കാദമി മലയാളം അഡ്വൈസറി ബോര്ഡ് കണ്വീനര് കെ.പി. രാമനുണ്ണി സമാപനസന്ദേശം നല്കും. അഖില ഭാരതീയ സാഹിത്യ പരിഷത്ത് ജനറല് സെക്രട്ടറി പവന്പുത്ര ബാദല് അധ്യക്ഷത വഹിക്കും.
National
മുംബൈ: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര് ഗ്യാനേഷ് കുമാറിനെതിരേ കോക്രോച്ച് ജനതാ പാര്ട്ടിയുടെ (സിജെപി) പ്രക്ഷോഭവും ചൂടുപിടിക്കുന്നു. ഗാന്ധിജയന്തി ദിനമായ ഇന്നലെ മുംബൈയിൽ തുടങ്ങിയ പ്രക്ഷോഭത്തിൽ പതിനായിരങ്ങളാണ് അണിനിരന്നത്.
വോട്ടർപട്ടികയിലും തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിലുമുണ്ടായ പാളിച്ചകളുടെ പേരിൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാണ് പ്രക്ഷോഭകരുടെ ആവശ്യം.
മുംബൈ ശിവാജി പാർക്കിൽ "ജയിൽ ഭരോ ആന്ദോളൻ'
(ജയിൽ നിറയ്ക്കൽ) പ്രഖ്യാപിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ സമരത്തിനു നേതൃത്വം നൽകി.
ഇന്നലെ വൈകുന്നേരം നാലോടെ പാർക്കിന്റെ ആറാം നമ്പര് കവാടത്തിനു സമീപമാണ് പ്രക്ഷോഭകർ ഒത്തുചേർന്നത്. വിവിധ സംസ്ഥാനങ്ങളിൽനിന്ന് ആയിരക്കണക്കിനു പേർ രാവിലെമുതൽ പ്രക്ഷോഭവേദിയിലേക്ക് എത്തിയിരുന്നു.
ശിവാജി പാര്ക്കില് പ്രക്ഷോഭത്തിന് പൊലിസ് അനുമതി നിഷേധിച്ചതോടെ ലോറിയില് താത്കാലിക വേദി നിര്മിച്ചാണു നേതാക്കൾ അണികളെ അഭിസംബോധന ചെയ്തത്. ഗ്യാനേഷ് കുമാര് രാജിവയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് സിജെപിയുടെ പ്രഖ്യാപനം.
പ്രമുഖ നടൻ നസറുദ്ദീൻ ഷാ, പ്രകാശ് രാജ്, നടി ഷബാന ആസ്മി, സംഗീത സംവിധായകൻ വിശാൽ ദാദ്ലാനി ഉൾപ്പടെയുള്ള പ്രമുഖർ സമരവേദിയിൽ എത്തിയിരുന്നു.മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയും നേരിട്ടെത്തി പ്രതിഷേധത്തിന്റെ ഭാഗമായി.
ഗോവ, കോല്ക്കത്ത, ബംഗളൂരു എന്നിവിടങ്ങളിലും വരുംദിവസങ്ങളിൽ സമരം നടക്കുമെന്ന് സിജെപി നേതൃത്വം പ്രഖ്യാപിച്ചു.ഇതിനുശേഷം ഈ മാസം അവസാനത്തോടെ പ്രക്ഷോഭകർ ഡൽഹിയിലെത്തും. ഗ്യാനേഷ് കുമാറിന്റെ രാജിവരെ സമരം തുടരുമെന്നാണ് സമരക്കാരുടെ മുന്നറിയിപ്പ്.
മുംബൈ: മുംബൈ തെരുവില് ലക്ഷക്കണക്കിന് ആളുകള് ഒത്തുചേര്ന്നത് ഒരു ഫാസിസ്റ്റിനെ നേരിടാനാണെന്ന് സിജെപി നേതൃത്വം. ജനം പിന്നോട്ടില്ല.
ഗാന്ധിജിയുടെ ഇന്ത്യയെ രക്ഷിക്കാനാണീ ഒത്തുചേരൽ - ജനങ്ങള്ക്കു ഗാന്ധിജയന്തി ആശംസകള് അര്പ്പിച്ച് സിജെപി നേതൃത്വം പ്രഖ്യാപിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്നിന്ന് ആളുകള് മുംബൈയിലേക്ക് എത്തുകയാണെന്ന് സിജെപി സ്ഥാപകന് അഭിജിത് ദീപ്കെ പറഞ്ഞു. ജനക്കൂട്ടത്തെ ഉള്ക്കൊള്ളാന് പൊലിസ് ബാരിക്കേഡുകള്ക്ക് കഴിയാതെ വരും -ദീപ്കെ മുന്നറിയിപ്പ് നൽകി.
തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്നു ബോധിപ്പിക്കുന്നതിനാണ് മുംബൈയില്ത്തന്നെ സമരത്തിനു തുടക്കംകുറിക്കുന്നതെന്ന് സിജെപി നേതൃത്വം വിശദീകരിക്കുന്നു.
International
പാരീസ്: ഫ്രാൻസിൽ വിദ്യാലയങ്ങളിലെ അപര്യാപ്തതകൾ ക്കെതിരേ ഹൈസ്കൂൾ വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭം വലിയ അക്രമസംഭവങ്ങൾക്കിടയാക്കി. പ്രകടനങ്ങൾ തെരുവുയുദ്ധമായി മാറിയ പശ്ചാത്തലത്തിൽ ഇന്നലെ 400 സ്കൂളുകൾ അടച്ചിട്ടു.
40 ഹെഡ്മാസ്റ്റർമാർ അടക്കം 65 സ്കൂൾ ജീവനക്കാർക്കു പരിക്കേറ്റെന്നാണു ഫ്രഞ്ച് വൃത്തങ്ങൾ അറിയിച്ചത്. 15-18 പ്രായമുള്ള 1949 വിദ്യാർഥികൾ വ്യാഴാഴ്ച കസ്റ്റഡിയിലായി. ഇതോടെ കസ്റ്റഡിയിലുള്ള മൊത്തം വിദ്യാർഥികളുടെ എണ്ണം മൂവായിരത്തിനടുത്തായി.
ആവശ്യത്തിന് അധ്യാപകർ ഇല്ലാത്തതു പരിഹരിക്കുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, തിങ്ങിഞെരുങ്ങി ഇരിക്കുന്നത് ഒഴിവാക്കാൻ ക്ലാസ് മുറിയിൽ വിദ്യാർഥികളുടെ എണ്ണം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം.
ഈയാഴ്ചയാദ്യം പാരീസിൽ ആരംഭിച്ച പ്രക്ഷോഭം രാജ്യമൊട്ടാകെ പടരുകയായിരുന്നു. വിദ്യാർഥികളും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയുമുണ്ടായി.
രണ്ടു സ്കൂളുകൾക്കു തീയിട്ടതായും ഒരു അധ്യാപകനുമേൽ പെട്രോൾ ഒഴിച്ചതായും റിപ്പോർട്ടുണ്ട്. ചില നഗരങ്ങളിൽ വിദ്യാർഥികളുടെ റോഡ് ഉപരോധം ഗതാഗതത്തിനു തടസമായി.
Kerala
ആലുവ: ആലുവയിൽ മുഖ്യമന്ത്രിക്കുനേരേ കരിങ്കൊടി പ്രതിഷേധം. ഇന്നലെ രാത്രി 8.45 ഓടെ ബൈപാസ് സിഗ്നലിലായിരുന്നു യുവമോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയത്.
മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരേ പ്രതിഷേധക്കാർഎത്തിയതോടെ വാഹനവ്യൂഹം അല്പനേരം തടസപ്പെട്ടു. പ്രവർത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി.
മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം ഉണ്ടാകുമെന്ന വിവരത്തെത്തുടർന്ന് ആലുവയിൽ യുവമോർച്ച നേതാക്കളെ പൊലിസ് കരുതൽ തടങ്കലിലാക്കിയിരുന്നു.
District News
തൃശൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിൽ പ്രതിഷേധിച്ച് രാജൻ ജെ. പല്ലൻ എംഎൽഎയ്ക്കുനേരേ യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ഇന്നലെ രാവിലെ തൃശൂർ ലളിതകലാ അക്കാദമിക്കു മുന്നിലായിരുന്നു സംഭവം.
യുവമോർച്ച ജില്ലാ അധ്യക്ഷൻ മനു പള്ളത്തിന്റെ നേതൃത്വത്തിൽ എത്തിയ പ്രവർത്തകർ എംഎൽഎയുടെ വാഹനത്തിനുനേരേ കരിങ്കൊടി വീശി. വരുംദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും യുവമോർച്ച നേതാക്കൾ വ്യക്തമാക്കി. അതേസമയം പ്രതിഷേധത്തിൽ പങ്കെടുത്ത അഞ്ജലി എടക്കാട്ടിൽ, അമൃത തുടങ്ങിയ വനിതാ പ്രവർത്തകരെ വനിതാ പൊലിസിന്റെ സാന്നിധ്യമില്ലാതെയാണ് നീക്കിയതെന്നു പരാതിയുണ്ട്.
National
ബംഗളൂരു: കർണാടകയിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ മറവിൽ ന്യൂനപക്ഷ വോട്ടുകൾ കൂട്ടത്തോടെ ഒഴിവാക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്നാരോപിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കർണാടക പിസിസി അധ്യക്ഷൻ ബി.കെ. ഹരിപ്രസാദും മന്ത്രിമാരും ചീഫ് ഇലക്ടറൽ ഓഫീസിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
വോട്ടർമാരെ ഒഴിവാക്കാനായി ബിജെപി പ്രവർത്തകർ വ്യാപകമായി ഫോം 7 സമർപ്പിക്കുന്നുണ്ടെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രധാന ആരോപണം. വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ച് ലക്ഷക്കണക്കിന് വോട്ടുകൾ വെട്ടിച്ചുരുക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ശിവകുമാർ ആരോപിച്ചു.
വോട്ടർമാരെ ഒഴിവാക്കാൻ അനധികൃതമായി ഫോം 7 സമർപ്പിക്കുന്ന ബിജെപി പ്രവർത്തകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് സമഗ്രമായ അന്വേഷണം നടത്തണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു.
അനുകൂലമായ തീരുമാനമുണ്ടാകും വരെ ഓഫീസിൽ തന്നെ കുത്തിയിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചെങ്കിലും, വെള്ളിയാഴ്ച രാവിലെ വരെ സമയം വേണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അഭ്യർഥിച്ചു. തുടർന്ന് വൈകുന്നേരം അഞ്ചോടെ നേതാക്കൾ പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.
എങ്കിലും കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ശിവകുമാർ വ്യക്തമാക്കി.
Kerala
കൊച്ചി: ഇടപ്പള്ളിയില് ബൈക്ക് യാത്രികരെ ബസ് ഇടിച്ച സംഭവത്തില് പൊലിസ് കേസ് എടുത്തു. ബസ് ഡ്രൈവര്ക്കെതിരെയും ബസ് തടഞ്ഞവര്ക്കെതിരെയും പൊലിസ് കേസ് രജിസ്റ്റര് ചെയ്തു. അമിത വേഗത്തിലെത്തിയ ബസ് ബൈക്കില് ഇടിക്കുകയും പരാക്രമം കാട്ടുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.
നരഹത്യാശ്രമത്തിനാണ് ബസ് ഡ്രൈവര്ക്കെതിരെ കേസ് എടുത്തത്. ബസ് ഇടിച്ചതിന് പിന്നാലെ ബൈക്ക് യാത്രികരായ യുവാവും യുവതിയും ബസ് തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇവര്ക്കെതിരെ ബസ് തടഞ്ഞതിന് കേസ് എടുത്തു.
വഹ്ബിയ എന്ന ബസാണ് അപകടമുണ്ടാക്കിയത്. ബസുകളുടെ മത്സരയോട്ടത്തിനിടെയാണ് അപകടമുണ്ടാക്കിയതെന്നാണ് ആരോപണം. പൊലിസ് എത്തിയാണ് ഇവരെ അനുനയിപ്പിച്ചത്.
National
ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മിഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷ ഇന്ത്യാ സഖ്യം. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം അഞ്ച് മഹാറാലികള് നടത്തും.
ഈമാസം ആറിന് പ്രതിപക്ഷ പാര്ട്ടി എംപിമാര് തെരഞ്ഞെടുപ്പു കമ്മിഷന് ആസ്ഥാനത്തേക്ക് മാര്ച്ച് നടത്തുമെന്നും ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടന്ന ഇന്ത്യാസഖ്യം യോഗത്തിനുശേഷം നേതാക്കൾ വാര്ത്താസമ്മേളനത്തില് അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ചേര്ന്ന് തെരഞ്ഞെടുപ്പു കമ്മിഷനെ കളിപ്പാവയാക്കി മാറ്റിയെന്നും ഇക്കാര്യത്തില് ഒന്നിച്ചുനീങ്ങാനാണ് സഖ്യത്തിലെ എല്ലാ പാര്ട്ടികളും തീരുമാനിച്ചതെന്നും ഇവിഎമ്മിനു പകരം ബാലറ്റ് പേപ്പറുകളിലേക്കു മടങ്ങണമെന്നും യോഗതീരുമാനങ്ങൾ വിശദീകരിച്ച കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ പറഞ്ഞു.
ഭരണഘടനാസ്ഥാപനങ്ങള് കൈയടക്കുന്ന രീതിയെക്കുറിച്ച് രാഷ്ട്രപതിയെ ധരിപ്പിക്കുന്നതിനായി ഈമാസം രണ്ടാം വാരത്തില് പ്രതിപക്ഷനേതാക്കള് കൂടിക്കാഴ്ചയ്ക്ക് സമയം തേടും.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഗാന്ധിജയന്തി ദിനമായ നാളെമുതല് എട്ടുവരെ ഇന്ത്യാസഖ്യം രാജ്യത്തെ എല്ലാ ജില്ലകളിലും ജനാധിപത്യ സംരക്ഷണ മാർച്ച് സംഘടിപ്പിക്കും.
തെരഞ്ഞെടുപ്പു കമ്മിഷനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നും നവംബര് ഒന്നിന് ഡല്ഹിയിലെ രാംലീല മൈതാനത്ത് ജനാധിപത്യ സംരക്ഷണ റാലി നടത്തുമെന്നും ഗാർഗെ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി എന്നിവർക്കുപുറമെ സമാജ്വാദി പാർട്ടി, സിപിഎം, സിപിഐ, എൻസിപി (ശരദ് പവാർ), ശിവസേന (യുബിടി) തുടങ്ങിയ 20 രാഷ്ട്രീയപാർട്ടികളുടെ പ്രമുഖ നേതാക്കളും സ്വതന്ത്ര രാജ്യസഭാ എംപി കപിൽ സിബലും യോഗത്തിൽ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെ പാളയത്തെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സംഘർഷം. മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പിൽ എംപിയും നയിച്ച മാർച്ചിനുനേരെ ഹോസ്റ്റലിൽ നിന്ന് കല്ലേറുണ്ടായതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു. ആവശ്യത്തിന് പൊലിസ് സന്നാഹം ഇല്ലാതിരുന്നതാണ് സ്ഥിതിഗതികൾ സങ്കീർണമാക്കിയതെന്നും പ്രവർത്തകർ ആരോപിച്ചു.
തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ ടയർ കത്തിച്ച് പ്രതിഷേധിക്കുന്നതിനിടെ ഹോസ്റ്റലിൽ നിന്ന് കല്ലുകളും ബിയർ കുപ്പികളും എറിഞ്ഞു. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കത്തുന്ന തീപ്പന്തങ്ങൾ ഹോസ്റ്റൽ വളപ്പിലേക്ക് എറിഞ്ഞതായും റിപ്പോർട്ടുണ്ട്. എന്നാൽ സംഘർഷത്തിന് തുടക്കമിട്ടത് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്നാണ് ഹോസ്റ്റലിലെ വിദ്യാർഥികളുടെ ആരോപണം
വൈദ്യുതി മുടങ്ങിയ സമയത്ത് ഹോസ്റ്റലിനുള്ളിൽനിന്ന് മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തത്. മാർച്ച് കടന്നുപോകുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അസഭ്യം പറയുകയും ഹോസ്റ്റലിലേക്ക് ബിയർ കുപ്പികളും തീപ്പന്തങ്ങളും എറിയുകയും ചെയ്തെന്നാണ് വിദ്യാർഥികളുടെ ആരോപണം. പിന്നീട് ഹോസ്റ്റൽ വളപ്പിൽ വീണ തീപ്പന്തങ്ങൾ വിദ്യാർഥികൾ കൂട്ടിയിട്ട് കത്തിച്ച് പ്രതിഷേധിച്ചു.
തീയണക്കാൻ കൂടുതൽ പൊലിസും ഫയർഫോഴ്സും സ്ഥലത്തെത്തി. വൈദ്യുതി പുനഃസ്ഥാപിച്ചശേഷം മാത്രമേ തീയണക്കാൻ അനുവദിക്കൂ എന്ന നിലപാടിലാണ് വിദ്യാർഥികൾ. സംഘർഷസാധ്യത കണക്കിലെടുത്ത് വൻ പൊലിസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: മന്ത്രി കെ.എം. ഷാജിയെ യുവമോർച്ച പ്രവർത്തകർ തടഞ്ഞു. തിരുവനന്തപുരം പാളയത്തിന് സമീപം വാൻറോസ് ജംഗ്ഷനിലായിരുന്നു സംഭവം. മന്ത്രിയുടെ വാഹനം പ്രവർത്തകർ തടഞ്ഞതോടെ അദ്ദേഹം ഓട്ടോയിൽ കയറി യാത്ര തുടരാൻ ശ്രമിച്ചു.
എന്നാൽ മന്ത്രിയുമായി പോയ ഓട്ടോയും പ്രവർത്തകർ തടഞ്ഞതോടെ മന്ത്രി വാഹനത്തിൽനിന്ന് ഇറങ്ങി നടന്നുപോകുകയായിരുന്നു. മന്ത്രിക്ക് പൈലറ്റും എസ്കോർട്ടും ഇല്ലാതിരുന്നത് സുരക്ഷാ വീഴ്ചയാണെന്ന ആരോപണം ഉയർന്നു. തലസ്ഥാനത്ത് കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് മന്ത്രിയെ തടഞ്ഞ സംഭവം.
കൊല്ലത്ത് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ശക്തമായത്. തുടർന്ന് ബിജെപിയും പോഷക സംഘടനകളും വിവിധയിടങ്ങളിൽ മന്ത്രിമാർക്കെതിരെ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചു.
ഇതിനിടെ തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെ ജില്ലയുടെ വിവിധ ഭാഗങ്ങളിലും സംഘർഷാവസ്ഥ ഉടലെടുത്തു.
Kerala
തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ പ്രക്ഷോഭത്തിലേക്ക്. ഈ മാസം 14ന് ബസ് ഉടമകളും കുടുംബാംഗങ്ങളും സെക്രട്ടേറിയറ്റിന് മുന്നിൽ മാർച്ചും ധർണയും നടത്തുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രിയദർശിനി ബസുകളുടെ സർവീസ് ആരംഭിച്ചതോടെ സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു. സ്വകാര്യ ബസുകൾ വാടകയ്ക്കെടുത്ത് സർവീസ് നടത്താമെന്ന വിദഗ്ധ സമിതിയുടെ ശിപാർശ സർക്കാർ പരിഗണിച്ചില്ലെന്നും അവർ ആരോപിച്ചു.
50,000ത്തിലധികം തൊഴിലാളികളും അവരുടെ കുടുംബങ്ങളും നിലവിലെ സാഹചര്യത്തിൽ കടുത്ത പ്രതിസന്ധിയിലാണെന്നും ഭാരവാഹികൾ വ്യക്തമാക്കി. പ്രശ്നങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടും അനുകൂലമായ നടപടികൾ ഉണ്ടായില്ലെന്നും അവർ പറഞ്ഞു.
പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ഈ മാസം അവസാനത്തോടെ സമരം ശക്തമാക്കുമെന്നും സംഘടനാ നേതാക്കൾ മുന്നറിയിപ്പ് നൽകി. സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്നും അവർ വ്യക്തമാക്കി.
Kerala
കൊച്ചി: മുണ്ടംവേലി ലൈഫ് ഫ്ളാറ്റ് നിര്മാണത്തിലെ ക്രമക്കേടില് സര്ക്കാര് വിജിലന്സ് അന്വേഷണം പ്രഖ്യാപിച്ചു. ക്രമക്കേടുകള്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുത്ത് പ്രാഥമിക അന്വേഷണം നടത്താനുള്ള അനുമതിയാണ് ആഭ്യന്തര വകുപ്പ് നല്കിയിട്ടുള്ളത്.
വിജിലന്സ് അന്വേഷണം പ്രഖ്യാപിച്ചത് ഫ്ളാറ്റ് നിവാസികളുടെ സമരസമിതി സ്വാഗതം ചെയ്തു. അന്വേഷണത്തില് വലിയ പ്രതീക്ഷയുണ്ടെന്ന് സമരസമിതി പറഞ്ഞു. അതേസമയം, 2024ല് ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമായി നിര്മിച്ച ഫ്ലാറ്റ് സമുച്ചയത്തിലാണ് ഗുരുതരമായ നിര്മാണ തകരാറുകള് കണ്ടെത്തിയത്.
നിര്മാണത്തിലെ അപാകതയും ശോചനീയാവസ്ഥയും കാരണം മൂന്നു വര്ഷത്തിലേറെയായി ദുരിതം അനുഭവിക്കുകയാണ് ഫ്ലാറ്റ് നിവാസികള്. ഒരു ചടങ്ങില് പ്രസംഗിക്കവെ ഫ്ലാറ്റ് പൊളിച്ചു പണിയുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ, ഭരണം മാറിയപ്പോള് താമസക്കാര് ഒതളങ്ങ പോലെ തിരിഞ്ഞു എന്ന് മുന് എംഎല്എയും സിപിഎം നേതാവുമായ കെ.ജെ. മാക്സി പറഞ്ഞത് വിവാദമായിരുന്നു. കെ.ജെ. മാക്സി പരസ്യമായി മാപ്പ് പറയണമെന്നാണ് സമരസമിതിയുടെ ആവശ്യം.
സൗത്ത് റെയില്വേയ്ക്ക് സമീപം പേരണ്ടൂര് കനാലിന്റെ കൈവരിയ്ക്കരികെ താമസിച്ചിരുന്ന പി ആന്ഡ് ടി കോളനി നിവാസികള്ക്ക് മെച്ചപ്പെട്ട താമസ സൗകര്യം ഒരുക്കാനായി ജിസിഡിഎ സൗജന്യമായി വിട്ടുനല്കിയ സ്ഥലത്ത് കഴിഞ്ഞ എല്ഡിഎഫ് സര്ക്കാരിന്റെ കാലത്താണ് ഫ്ലാറ്റ് നിര്മിച്ചത്. എന്നാല് സ്റ്റീല് സ്ട്രക്ചറില് നിര്മിച്ച കെട്ടിടത്തിന് വ്യാപകമായി വിള്ളല് രൂപപ്പെട്ടു.
മുകളിലുള്ള അപ്പാര്ട്ട്മെന്റിലെ കക്കൂസ് മലിനജലം താഴേ നിലയിലുള്ളവരുടെ അടുക്കളയിലേക്കും കിടപ്പുമുറികളിലേക്കുമാണ് ഒലിച്ചിറങ്ങിയത്. മഴക്കാലത്ത് ചോര്ച്ച വ്യാപകമായി. പരിശോധനകള് നടന്നെങ്കിലും പരിഹാരമുണ്ടായിരുന്നില്ല. യുഡിഎഫ് സര്ക്കാര് വന്ന ശേഷം ഫ്ലാറ്റ് നിവാസികള് ജിസിഡിഎ ഓഫീസിന് മുന്നില് പ്രതിഷേധ സമരം നടത്തി. പിന്നാലെയാണ് ഫ്ലാറ്റ് പൊളിച്ചു പണിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
National
ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ റോഡ് വികസനത്തിന്റെ ഭാഗമായി മോസ്ക് പൊളിക്കുന്നതിൽ പ്രതിഷേധിച്ച് കല്ലേറുണ്ടായതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലിസ് കണ്ണീർവാതകം പ്രയോഗിച്ചു.
സിംഹസ്ഥ കുംഭമേളയ്ക്കു മുന്നോടിയായി തീർഥാടകരുടെ സൗകര്യാർഥമാണ് 900 മീറ്റർ റോഡ് വികസിപ്പിക്കുന്നത്. ഇതിനായി ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കേണ്ടിവരും.
മോസ്ക് പൊളിക്കുന്നതിനെതിരേ സമർപ്പിച്ച ഹർജി മധ്യപ്രദേശ് ഹൈക്കോടതി തള്ളിയിരുന്നു. കന്താൾ ക്രോസിംഗ് മുതൽ ഗോപാൽ മന്ദിർ വരെയുള്ള ഭാഗമാണ് 15 മീറ്ററായി വികസിപ്പിക്കുന്നത്.
ഒരുവിഭാഗം ജനങ്ങൾ മനഃപൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നെന്നും ഇവരെ ചെറിയ രീതിയിൽ സേനയെ ഉപയോഗിച്ച് പിരിട്ടുവിടുകയായിരുന്നെന്നും എസ്പി പ്രദീപ് ശർമ പറഞ്ഞു.
ബൃഹത് പദ്ധതിയുടെ ഭാഗമായാണ് റോഡ് വികസിപ്പിക്കുന്നതെന്നും ജാതിമത ഭേദമന്യേ എല്ലാവരും തന്നെ ഇതിനായി സഹകരിക്കുന്നുണ്ടെന്ന് ഉജ്ജയിൻ കളക്ടർ റോഷൻ സിംഗ് പറഞ്ഞു. ദുരാരോപണങ്ങൾ വിശ്വസിച്ച് ആരും പ്രശ്നങ്ങളുണ്ടാക്കാൻ ഇറങ്ങിപ്പുറപ്പെടരുന്നതെന്ന് ഉജ്ജയ്ൻ ഷഹർ ഖാസി ഖുറെ റഹ്മാനും ആവശ്യപ്പെട്ടു.
Business
കൊച്ചി: യുപിഐ ഇടപാടുകള്ക്ക് ഏര്പ്പെടുത്തിയിട്ടുള്ള നിരക്കുകള് പിന്വലിക്കണമെന്നാവശ്യപ്പെട്ട് കേരള ഗോള്ഡ് ആന്ഡ് സില്വര് മര്ച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) നേതൃത്വത്തില് ഒക്ടോബര് 15ന് കേന്ദ്രസര്ക്കാര് ഓഫീസുകള്ക്കു മുന്നില് ധര്ണ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്, ജനറല് സെക്രട്ടറി അഡ്വ. എസ്. അബ്ദുള് നാസര് എന്നിവര് അറിയിച്ചു.
യുപിഐ നിരക്കുകള് പിന്വലിക്കുക, ചെറുകിട ഇടത്തരം വ്യാപാരികളുടെ താത്പര്യങ്ങള് സംരക്ഷിക്കുക, അധികച്ചെലവില്ലാതെ ഡിജിറ്റല് ഇടപാടുകള് നടത്താനുള്ള സാഹചര്യം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള് ഉന്നയിച്ചാണു ധര്ണ.
സ്വര്ണവില കുതിച്ചുയരുന്നതിനൊപ്പം വ്യാപാരച്ചെലവുകളും വര്ധിക്കുന്ന സാഹചര്യത്തില് യുപിഐ നിരക്കുകള് സ്വര്ണവ്യാപാര മേഖലയ്ക്ക് ഇരട്ടപ്രഹരമാണ്. വിലവര്ധനകൊണ്ടു വ്യാപാരികളുടെ ലാഭം വര്ധിക്കുന്നില്ല.
ഉയര്ന്ന മൂലധനനിക്ഷേപം, വിലയിലെ ചാഞ്ചാട്ടം, വിപണിയിലെ മാന്ദ്യം എന്നിവയ്ക്കൊപ്പം യുപിഐ നിരക്കുകള്കൂടി ചുമത്തുന്നത് ചെറുകിട- ഇടത്തരം ജ്വല്ലറികളുടെ നിലനില്പിനെത്തന്നെ ബാധിക്കും.
ഉയര്ന്ന മൂല്യമുള്ള സ്വര്ണാഭരണ ഇടപാടുകളില് ചെറിയ നിരക്കുകള്പോലും വലിയ സാമ്പത്തികബാധ്യതയായി മാറുന്നുവെന്നും ഭാരവാഹികള് പറഞ്ഞു.
പ്രതിസന്ധിയിലായ സ്വര്ണവ്യാപാര മേഖലയെ കൂടുതല് സാമ്പത്തികഭാരത്തിലേക്കു തള്ളിവിടുന്ന യുപിഐ നിരക്കുകള് പിന്വലിക്കണമെന്നും കെ. സുരേന്ദ്രനും അഡ്വ. എസ്. അബ്ദുള് നാസറും ആവശ്യപ്പെട്ടു.
Kerala
കൊച്ചി: മുണ്ടംവേലിയിലെ പി ആന്ഡ് ടി കോളനി ഫ്ളാറ്റ് നിവാസികളെ അവഹേളിച്ച സംഭവത്തില് മുന് എംഎല്എയും സിപിഎം നേതാവുമായ കെ.ജെ. മാക്സിക്കെതിരെ ഫ്ളാറ്റ് നിവാസികള്. അവഹേളന പരാമര്ശം പിന്വലിക്കുന്നുവെന്ന് കെ.ജെ. മാക്സി പറഞ്ഞെങ്കിലും പരസ്യമായി മാപ്പ് പറയണമെന്ന ആവശയത്തിലാണ് ഫ്ളാറ്റ് നിവാസികള്.
നിര്മാണത്തിലെ അപാകതയും ശോചനീയാവസ്ഥയും കാരണം മൂന്നു വര്ഷത്തിലേറെയായി ദുരിതം അനുഭവിക്കുകയാണ് മുണ്ടംവേലിയിലെ ഫ്ളാറ്റ് നിവാസികള്. ഒരു ചടങ്ങില് പ്രസംഗിക്കവെ ഫ്ളാറ്റ് പൊളിച്ചു പണിയുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു, ഭരണം മാറിയപ്പോള് താമസക്കാര് ഒതളങ്ങ പോലെ തിരിഞ്ഞു എന്ന് കെ.ജെ. മാക്സി പറഞ്ഞത്.
ഈ പരാമര്ശം പിന്വലിക്കുന്നതായി കെ.ജെ. മാക്സി മാധ്യമങ്ങളിലൂടെ പറഞ്ഞെങ്കിലും പരസ്യമായി മാപ്പ് പറയണമെന്നാണ് മുണ്ടംവേലി ഫ്ളാറ്റ് നിവാസികളുടെ സമരസമിതിയുടെ ആവശ്യം. ഇല്ലെങ്കില് മാക്സിയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്ച്ച് നടത്താനാണ് സമരസമിതിയുടെ നീക്കം.
സൗത്ത് റെയില്വേയ്ക്ക് സമീപം പേരണ്ടൂര് കനാലിന്റെ കൈവരിയ്ക്കരികെ താമസിച്ചിരുന്ന പി ആന്ഡ് ടി കോളനി നിവാസികള്ക്ക് മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കാനായി ജിസിഡിഎ സൗജന്യമായി വിട്ടുനല്കിയ സ്ഥലത്ത് കഴിഞ്ഞ എല്ഡിഎഫ് സര്ക്കാരിന്റെ കാലത്താണ് ഫ്ളാറ്റ് നിര്മിച്ചത്. എന്നാല് സ്റ്റീല് സ്ട്രക്ചറില് നിര്മിച്ച കെട്ടിടത്തിന് വ്യാപകമായി വിള്ളല് രൂപപ്പെട്ടു.
മുകളിലുള്ള അപ്പാര്ട്ട്മെന്റിലെ കക്കൂസ് മലിനജലം താഴേ നിലയിലുള്ളവരുടെ അടുക്കളയിലേക്കും കിടപ്പുമുറികളിലേക്കുമാണ് ഒലിച്ചിറങ്ങിയത്. മഴക്കാലത്ത് ചോര്ച്ച വ്യാപകമായി. പരിശോധനകള് നടന്നെങ്കിലും പരിഹാരമുണ്ടായില്ല. യുഡിഎഫ് സര്ക്കാര് വന്ന ശേഷം ഫ്ളാറ്റ് നിവാസികള് ജിസിഡിഎ ഓഫീസിന് മുന്നില് പ്രതിഷേധ സമരം നടത്തി. പിന്നാലെയാണ് ഫ്ളാറ്റ് പൊളിച്ചു പണിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
National
ന്യൂഡൽഹി: എസ്ഐആർ സംബന്ധിച്ച് ഉയരുന്ന ഗുരുതര ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം തെരുവുകളിലേക്കു വ്യാപിപ്പിച്ച് പ്രതിപക്ഷം. എല്ലാ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ആസ്ഥാനത്തേക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ വൻ ജനപങ്കാളിത്തമാണുണ്ടായത്.
രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പു കമ്മിഷൻ ആസ്ഥാനത്തിനു മുന്നിലടക്കം വ്യത്യസ്ത പ്രതിഷേധപരമ്പരകൾ അരങ്ങേറി. രാഷ്ട്രീയപിന്തുണയില്ലാതെ സന്നദ്ധപ്രവർത്തകർ ഉൾപ്പടെ തെരുവിലിറങ്ങിയാണ് ഡൽഹിയിൽ പ്രതിഷേധിച്ചത്.
ഒക്ടോബർ രണ്ടിന് പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടി അടക്കമുള്ള സിവിൽ സൊസൈറ്റി സംഘടനകളും സിജെപിയും തെരുവിലിറങ്ങുന്നതോടെ കേന്ദ്രസർക്കാരും തെരഞ്ഞെടുപ്പു കമ്മീഷനും കൂടുതൽ പ്രതിരോധത്തിലാകും. ഇതിനിടെ, ഗ്യാനേഷ് കുമാറിനെതിരേ നടപടി ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതിയുടെ പരിഗണനയ്ക്കുമെത്തി.
ഭിന്നത പരസ്യമാക്കി ഘടകകക്ഷികൾ
ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയ നടപടികളിൽ മറ്റു കമ്മിഷണർമാർക്ക് വിയോജിപ്പുണ്ടെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ, വിഷയത്തിൽ അടിയന്തരമായി വ്യക്തത വരുത്തണമെന്ന് ബിജെപിയുടെ പ്രമുഖ സഖ്യകക്ഷി നേതാക്കൾ പരസ്യമായി ആവശ്യപ്പെട്ടു. കേവലം പ്രതിപക്ഷ ആരോപണം എന്നതിനപ്പുറം തെരഞ്ഞെടുപ്പു കമ്മിഷന്റെ വിശ്വാസ്യതയെയും ഭരണഘടനാപരമായ സ്വയംഭരണാവകാശത്തെയും ചോദ്യം ചെയ്യുന്ന തലത്തിലേക്ക് വിഷയം ഉയർന്നതോടെയാണു ഭരണകക്ഷി മുന്നണിക്കുള്ളിൽ പുകച്ചിൽ ശക്തമായത്.
കേന്ദ്രമന്ത്രിയും എൽജെപി അധ്യക്ഷനുമായ ചിരാഗ് പസ്വാൻ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി (ടിഡിപി), ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോർച്ച എന്നിവരാണ് പരസ്യപ്രതികരണവുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പു പ്രക്രിയയുടെ നിഷ്പക്ഷതയെക്കുറിച്ച് ജനങ്ങൾക്ക് സംശയമുണ്ടാകുന്നത് ജനാധിപത്യത്തിന് അപകടകരമാണെന്നും ജനങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ കമ്മിഷൻ അടിയന്തരമായി വിശദീകരണം നൽകണമെന്നും ചിരാഗ് പസ്വാനും ടിഡിപിയും ആവശ്യപ്പെട്ടു.
ഉത്തരം മുട്ടി സർക്കാരും കമ്മിഷനും; പരിപാടികൾ റദ്ദാക്കി
ഗ്യാനേഷ് കുമാറിനെതിരേ ഉയർന്ന ഗുരുതര ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കേന്ദസർക്കാരിനോ ബിജെപിക്കോ ഇനിയും സാധിച്ചിട്ടില്ല. ഹരിയാന തെരഞ്ഞെടുപ്പിനു പിന്നാലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആരോപണമുന്നയിച്ചപ്പോൾ ഉടനടി വാർത്താസമ്മേളനം വിളിച്ച് മറുപടി നൽകിയ ഗ്യാനേഷ് കുമാർ, ഇപ്പോൾ സ്വന്തം സ്ഥാപനത്തിനുള്ളിൽനിന്നുതന്നെ എതിർപ്പുയർന്നതോടെ പ്രതിരോധത്തിലായി. മാധ്യമവിഭാഗം ഇറക്കിയ ലളിതമായ ഒരു വാർത്താക്കുറിപ്പിൽ മാത്രമായി കമ്മിഷന്റെ പ്രതികരണം ഒതുങ്ങി.
പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഉത്തർപ്രദേശിൽ ബിഎൽഒമാർക്കായി ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്താനിരുന്ന പരിപാടി അവസാനനിമിഷം മാറ്റിവച്ചത്. വേദി ലഭ്യമല്ലാത്തതിനാലും സമയക്രമത്തിലെ തടസങ്ങൾ കാരണവുമാണ് പരിപാടി മാറ്റിയതെന്നാണു കമ്മിഷന്റെ ഔദ്യോഗിക വിശദീകരണം.
ഇംപീച്ച്മെന്റ് നോട്ടീസിന് നീക്കം
സിഇസിയെ സ്ഥാനത്തുനിന്ന് നീക്കംചെയ്യാനും വിചാരണ ചെയ്യാനുമായി പാർലമെന്റിന്റെ ഇരുസഭകളിലും പുതിയ നോട്ടീസുകൾ നൽകാനും ഇതിനായി അടിയന്തരമായി പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കാനും പ്രതിപക്ഷ ഇന്ത്യാ സഖ്യം സർക്കാരിനുമേൽ സമ്മർദം ശക്തമാക്കി. നിലവിൽ സമർപ്പിച്ചിട്ടുള്ള ഇംപീച്ച്മെന്റ് ഹർജികളിലും നോട്ടീസുകളിലും അനിശ്ചിതത്വം തുടരുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷം പുതിയ രാഷ്ട്രീയനീക്കത്തിലേക്കു കടക്കുന്നത്.
District News
മക്കരപ്പറന്പ്: യുപിഐ ഇടപാടുകൾക്ക് അമിത ഫീസ് ഈടാക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മക്കരപ്പറന്പ് യൂണിറ്റ് ഇ മെയിൽ ചലഞ്ച് നടത്തി. യൂത്ത് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് അക്രം ചുണ്ടയിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റും മണ്ഡലം ജനറൽ സെക്രട്ടറിയുമായ അനീസ് മുല്ലപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി റിസ്വാൻ, യൂത്ത് പ്രസിഡന്റ് ഷഫീഖ് പുത്തനങ്ങാടി, ജനറൽ സെക്രട്ടറി അർഷദ് ഡാനീസ്, വനിതാ യൂണിറ്റ് പ്രസിഡന്റ് ആബിദ കൂരി, വനിതാ ജനറൽ സെക്രട്ടറി അജ്ന, ഫാസിൽ ഫോണോ, റസിയ, അസ്റാബി എന്നിവർ പങ്കെടുത്തു.
District News
കഴക്കൂട്ടം: ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാൻ എൽഎൻസിപിഇയിലെ വിദ്യാർഥികൾ. അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ഭരണരംഗത്തെ അനാസ്ഥയും ആരോപിച്ച് വിദ്യാർഥികൾ നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു.
ഹോസ്റ്റലിലെയും കാന്റീ നിലെയും മോശം അവസ്ഥയിൽ പ്രതിഷേധിച്ച് പ്രിൻസിപ്പലിന്റെ ഓഫിസിനു മുന്നിലാണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്. വിരമിച്ച അധ്യാപകരെ ഹോസ്റ്റലിന്റെയും കാന്റീനിന്റെയും ചുമതല ഏൽപ്പിച്ചതിനെ തുടർന്ന് ഭരണനിർവഹണം പൂർണമായും താറുമാറായെന്നാണ് വിദ്യാർഥികളുടെ പ്രധാന പരാതി.
ഹോസ്റ്റലുകളിൽ ഡോക്ടറുടെ സ്ഥിരം സേവനം ലഭ്യമാകുന്നില്ലെന്നും കായികതാരങ്ങൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്കു കൃത്യമായ പരിശോധനയില്ലാതെ പെയിൻ കില്ലറുകൾ മാത്രമാണ് നൽകുന്നതെന്നും വിദ്യാർഥികൾ പറയുന്നു. കൂടാതെ, കായികതാരങ്ങൾക്ക് ആവശ്യമായ പോഷകാഹാരം കാന്റീനിൽനിന്നു ലഭിക്കുന്നില്ലെന്നും നോൺ-വെജ് ഭക്ഷണങ്ങൾ വെട്ടിക്കുറച്ചു പരിമിതമായ ആഹാരം മാത്രമാണു നിലവിൽ നൽകുന്നതെന്നും പരാതിയുണ്ട്. ചില അധ്യാപകർ അനാവശ്യമായി കഠിന ശിക്ഷാനടപടികൾ അടിച്ചേൽപ്പിക്കുകയും വിദ്യാർഥികളെ മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായും ആരോപണമുണ്ട്.
നിലവിൽ സ്ഥാപനത്തിൽ താത്കാലിക പ്രിൻസിപ്പൽ മാത്രമാണുള്ളത്. പുതിയ പ്രിൻസിപ്പലിനായുള്ള അഭിമുഖ നടപടികൾ പൂർത്തിയായി വരികയാണെന്നും ഉടൻ നിയമനം ഉണ്ടാകുമെന്നുമാണ് അധികൃതരിൽനിന്ന് ലഭിക്കുന്ന സൂചന. എന്നാൽ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം.
District News
പത്തനംതിട്ട: 14 ചോദ്യങ്ങളുമായി തയാറാക്കിയ പ്രതിഷേധ കാര്ഡുകള് തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് യൂത്ത് കോണ്ഗ്രസ് അയച്ചു. വോട്ടര്പട്ടികയുമായി ബന്ധപ്പെട്ടു നടത്തിയ തിരിമറികള്, വിവിപാറ്റ് പരിശോധന, വെബ് കാസ്റ്റിംഗ്, ഇവിഎം പരാതികള് തുടങ്ങിയ വിഷയങ്ങളിലാണ് കാര്ഡില് ചോദ്യങ്ങള് ഉന്നയിച്ചത്. 14 ഭീമന് കാര്ഡുകള് കമ്മീഷനിലേക്ക് അയച്ചു.
പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല് സംഘടിപ്പിച്ച പ്രതിഷേധം യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ഉദ്ഘാടനം ചെയ്തു. മണ്ഡല പുനര്നിര്ണയവും ബൂത്ത് വിഭജനവും ഉള്പ്പെടെയുള്ള വിഷയങ്ങളില് ഉയരുന്ന സംശയങ്ങള്ക്ക് വ്യക്തമായ വിശദീകരണം നല്കണമെന്നും, തെരഞ്ഞെടുപ്പ് സംവിധാനവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകള്ക്ക് ഇലക്ഷന് കമ്മീഷന് കൃത്യമായ മറുപടി നല്കണമെന്നും യൂത്ത് കോണ്ഗ്രസ് ആവശ്യപ്പെട്ടു.
ആരിഫ് ഖാന്, ഫിറോസ് മീരാന്, മുഹമ്മദ് റാഫി, ഇജാസ് ഖാന്, സുഹൈല് നജീബ്, അജ്മല്അലി, നിഷാല് വലഞ്ചുഴി,മാരി കണ്ണന്, അജ്മല് കരീം, മുഹമ്മദ് അര്ഫാന്, ഫായിദ് അയ്മന് എന്നിവര് പ്രതിഷേധത്തിന് നേതൃത്വം നല്കി
District News
തൊടുപുഴ: ബാങ്കുകളില് പഞ്ചദിന പ്രവൃത്തിവാരം നടപ്പാക്കുക, കേന്ദ്രസര്ക്കാരിന്റെ ഏകപക്ഷീയവും വിവേചനപരവുമായ പിഎല്ഐ പദ്ധതി പിന്വലിക്കുക, വാഗ്ദാനങ്ങളും കരാറുകളും പാലിക്കുക തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്സിന്റെ നേതൃത്വത്തില് 28, 29, 30 തീയതികളില് നടക്കുന്ന ബാങ്ക് പണിമുടക്കിനു മുന്നോടിയായി ജില്ലയില് വിവിധ കേന്ദ്രങ്ങളില് പ്രതിഷേധ ധര്ണ സംഘടിപ്പിച്ചു.
തൊടുപുഴ എസ്ബിഐ റീജണല് ഓഫീസിനു മുന്നില് നടന്ന ധര്ണയില് എ.ബി. കൃഷ്ണഹരി അധ്യക്ഷത വഹിച്ചു. കുര്യാച്ചന് മനയാനി, എസ്. അനില്കുമാര്, ആര്. രാജേഷ്, അനീഷ് ജയന് എന്നിവര് പ്രസംഗിച്ചു. അടിമാലിയില് നടത്തിയ ധര്ണയില് ജോമോന് ജോര്ജ്, മനു രാമസ്വാമി, ജോഷി പി. ജോര്ജ്, ദിവേഷ് പി. ജോയ്, കട്ടപ്പനയില് ജിജി വി. ജോസഫ്, ജെസ് സണ്ണി, അജിന് കെ. ജോസഫ് എന്നിവരും ചെറുതോണിയില് കെ.ജെ. സാജു, സി.ആര്. രാജേഷ്, സി. കൃഷ്ണകുമാര് എന്നിവരും പ്രസംഗിച്ചു.
District News
ഗുരുവായൂർ: ക്ഷേത്രവികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഡെപ്യൂട്ടി കളക്ടർ 28ന് വിളിച്ചുചേർക്കുന്ന യോഗം ബഹിഷ്കരിക്കാൻ ഭൂമിയും വ്യാപാരസ്ഥാപനങ്ങളും നഷ്ടപ്പെടുന്നവരുടെ കൂട്ടായ്മയായ ക്ഷേത്ര നഗരവികസനസമിതി യോഗം തീരുമാനിച്ചു.
മാസ്റ്റർ പ്ലാൻ തയാറാക്കാതെയാണ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതെന്നാരോപിച്ചാണ് ബഹിഷ്കരണ തീരുമാനം. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കില്ലെന്നും യോഗത്തിൽ പങ്കെടുക്കില്ലെന്നും ഡെപ്യൂട്ടി കളക്ടറെ രേഖാമൂലം അറിയിക്കും. ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് സമഗ്രമായ മാസ്റ്റർ പ്ലാൻ തയാറാക്കണമെന്നാണ് വികസനസമിതിയുടെ പ്രധാന ആവശ്യം.
നേരത്തെ വിവിധ വികസന ആവശ്യങ്ങൾക്കായി ഏറ്റെടുത്ത ഭൂമികൾ പിന്നീട് അതേ ആവശ്യങ്ങൾക്ക് ഉപയോഗിക്കാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.
ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് വ്യക്തമായ വികസനരേഖയും സമയബന്ധിതമായ പദ്ധതിയും തയാറാക്കണമെന്നാണ് സമിതിയുടെ ആവശ്യം. വീടുകളും വ്യാപാരസ്ഥാപനങ്ങളും ഉപജീവനമാർഗവും നഷ്ടപ്പെടുന്നവരുടെ ആശങ്കകൾ പരിഹരിക്കാതെയും പദ്ധതിയുടെ വ്യക്തമായ രൂപരേഖ പുറത്തുവിടാതെയും നടപടികളുമായി മുന്നോട്ടുപോകുന്നതിനെതിരേയാണ് പ്രതിഷേധം. വിപുലമായ പ്രതിഷേധയോഗം സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു.
സമിതി ചെയർമാൻ ജി.കെ. പ്രകാശൻ അധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ ടി.എൻ. മുരളി, ട്രഷറർ ടി. നിരാമയൻ, നഗരസഭ കൗൺസിലർമാരായ ശോഭ ഹരിനാരായണൻ, ബിന്ദു നാരായണൻ, വിവിധ സംഘടനാ പ്രതിനിധികളായ ഒ.കെ.ആർ. മണികണ്ഠൻ, മോഹനകൃഷ്ണൻ ഓടത്ത്, അഡ്വ.രവി ചങ്കത്ത്, മോഹൻദാസ് ചേലനാട്, പി.എ. അരവിന്ദൻ, ബാലൻ വാറണാട്ട് തുടങ്ങിയവർ സംസാരിച്ചു.
District News
എരുമപ്പെട്ടി: ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ റെസ്ലിംഗ് കായികവിദ്യാർഥികളുടെ പ്രതിഷേധം. പരിശീലനത്തിന് സ്ഥലംനൽകുന്നില്ലെന്ന് ആരോപിച്ചാണ് വിദ്യാർഥികൾ മെഡലുകളുമായി പ്രതിഷേധംനടത്തിയത്. സ്കൂൾ അധികൃതർ കടുത്ത അവഗണനയാണ് റെസ്ലിംഗ് വിദ്യാർഥികളോട് കാണിക്കുന്നതെന്ന് രക്ഷിതാക്കളും പരാതിപ്പെടുന്നു.
റെസ്ലിംഗ് മത്സരത്തിൽ സംസ്ഥാന, ദേശീയ തലങ്ങളിൽ എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒട്ടനവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ദേശീയതാരങ്ങളായ നിരവധി വിദ്യാർഥികൾ സ്കൂളിലുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ദേശീയ മത്സരത്തിൽ സ്വർണം, വെള്ളി, വെങ്കല മെഡലുകൾ വിദ്യാർഥികൾ നേടിയിരുന്നു. എന്നാൽ പരിശീലനത്തിന് സൗകര്യങ്ങൾ നൽകുന്നതുൾപ്പടെയുളള ഒരു സൗകര്യവും സ്കൂൾ അധികൃതർ നൽകുന്നില്ല എന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതി. പത്തുവർഷത്തിലധികമായി സ്കൂളിൽ റസ്ലിംഗ് പരിശീലനം നടക്കുന്നുണ്ട്. പഴയ ക്ലാസ് മുറികളിൽ മാറ്റ് വിരിച്ചാണ് പരിശീലനം നടത്തിയിരുന്നത്.
എന്നാൽ പഴയ കെട്ടിടം പൊളിച്ചുനീക്കിയതിനെ തുടർന്ന് റസ്ലിംഗ് വിദ്യാർഥികൾക്ക് പരിശീലനംനടത്താൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. ഓഡിറ്റോറിയത്തിൽ പരിശീലനംനടത്താൻ അധികൃതർ അനുവാദം നൽകിയിട്ടുണ്ടെങ്കിലും എസ്പിസി, എൻസിസി പരിശീലനം ഇവിടെ നടക്കുന്നതിനാൽ റസ്ലിംഗ് പരിശീലനം നടത്താൻകഴിയാത്ത സാഹചര്യമാണ്.
കൃത്യമായി പരിശീലനം ലഭിക്കാത്തതിനാൽ കഴിഞ്ഞ സംസ്ഥാന, ദേശീയ മത്സരങ്ങളിൽ മികവ് പുലർത്തുവാൻ കഴിഞ്ഞില്ലെന്നും സ്ഥലമില്ലാത്തതിനാൽ അടുത്തിടെ നടക്കുവാനിരിക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ ആവശ്യമായ പരിശീലനം തടസപ്പെട്ടിരിക്കുകയാണെന്നും വിദ്യാർഥികൾ പറയുന്നു.
സ്കൂളിലെ പൂർവവിദ്യാർഥികളായ കായികതാരങ്ങൾ സൗജന്യമായാണ് റസ്ലിംഗ് പരിശീലനം നൽകുന്നത്. മത്സരത്തിന് പോകുവാനുള്ള യാത്ര, താമസം, ഭക്ഷണ ചെലവുകൾ വഹിക്കുന്നതും രക്ഷിതാക്കളാണ്. പ്രതിഷേധത്തെ തുടർന്ന് ജില്ലാപഞ്ചായത്ത് മെംബർ മീന സാജൻ, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ് എന്നിവർ സ്ഥലത്തെത്തി സ്കൂൾ അധികൃതരും രക്ഷിതാക്കളുമായി ചർച്ച നടത്തി.
സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിനായി താത്കാലിക സംവിധാനമൊരുക്കി നൽകാമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് കായികമന്ത്രി ഒ.ജെ. ജനീഷിന്റെ ഓഫീസ് ഡിഡിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
National
മൊഹാലി: പഞ്ചാബിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡിനിടെ ആം ആദ്മി പാർട്ടി പ്രവർത്തകരുടെ പ്രതിഷേധവും അക്രമവും. ഗ്രേറ്റർ മൊഹാലി ഏരിയ ഡെവലപ്മെന്റ് അതോറിറ്റിയുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയ്ക്കിടെയാണ് മൊഹാലിയിൽ സംഘർഷാവസ്ഥയുണ്ടായത്.
പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ പ്രതിഷേധക്കാരായ പാർട്ടി പ്രവർത്തകർ അടിച്ചുതകർത്തു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി ഔദ്യോഗിക വിവരമില്ല.
അക്രമികൾ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ആക്രമിക്കുന്നതിന്റെയും പൊലിസ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ പിടിച്ചുമാറ്റുന്നതിന്റെയും വീഡിയോകൾ സാമൂഹികമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് പിണറായി വിജയന്റെ വസതിക്ക് മുന്നിൽ ഇഡി പരിശോധനയ്ക്ക് എത്തിയതിനെത്തുടർന്ന് സമാനമായ രീതിയിൽ പ്രതിഷേധവും സംഘർഷങ്ങളും ഉണ്ടായിരുന്നു.
Kerala
കോതമംഗലം: ആലുവ- മൂന്നാർ രാജപാത തുറന്നുകിട്ടണമെന്ന് ആവശ്യപ്പെട്ട് 2025 മാർച്ച് 16 ന് നടന്ന ജനകീയ സമരത്തിൽ പങ്കെടുത്ത കോതമംഗലം ബിഷപ് എമരിറ്റസ് മാർ ജോർജ് പുന്നക്കോട്ടിൽ, എംപി, എംഎൽഎ, ജനപ്രതിനിധികൾ, പുരോഹിതർ, പൊതുപ്രവർത്തകർ എന്നിവർക്കെതിരേ വനംവകുപ്പ് എടുത്തിരുന്ന കേസുകൾ പിൻവലിക്കാൻ ഉത്തരവിറക്കി.
വനം മന്ത്രി ഷിബു ബേബിജോണിന്റെ നിർദേശപ്രകാരം പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ദീപക് മിശ്ര ആണ് പ്രത്യേക ഉത്തരവിലൂടെ മലയാറ്റൂർ ഡിഎഫ്ഒയ്ക്കു നിർദേശം നൽകിയത്.
ജനകീയ സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിക്കുമെന്ന് അന്നത്തെ മന്ത്രിമാരായ പി. രാജീവ്, എ.കെ. ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ കൂടിയ ഉന്നതതല യോഗം 2025ൽ തീരുമാനമെടുക്കുകയും തുടർനടപടികൾക്കായി ഇന്നത്തെ വനം മേധാവിയും അന്നത്തെ പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ (ഫോറസ്റ്റ് മാനേജ്മെന്റ്) ആയിരുന്ന രാജേഷ് രവീന്ദ്രനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാൽ, കേസുകൾ പിൻവലിച്ചില്ല എന്നു മാത്രമല്ല, സമരത്തിൽ പങ്കെടുത്ത മണികണ്ഠൻചാൽ സ്വദേശികളായ തൊട്ടപ്പള്ളിൽ ഷിനോ വർക്കി, പുന്നത്താനത്തുകുന്നേൽ ഷിബു ജോർജ് , മാമലക്കണ്ടം സ്വദേശി കാക്കനാട്ട് ബെന്നി എന്നിവർക്കെതിരേ പൊതുമുതൽ നശിപ്പിച്ചു എന്ന കുറ്റം ആരോപിച്ച് വനംവകുപ്പിന്റെ പരാതിയിന്മേൽ എഫ്ഐആർ ഇട്ട് കുട്ടമ്പുഴ പൊലിസെടുത്ത കേസ് കോടതിയിൽ തുടരുകയുമാണ്.
ആ കേസുകൾകൂടി പിൻവലിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശപ്രകാരം ആഭ്യന്തരവകുപ്പ് കുട്ടമ്പുഴ പൊലിസിൽനിന്നു റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നത് ജില്ലാ പോലീസ് മേധാവി വഴി ഇതിനോടകംതന്നെ കൊടുത്തുകഴിഞ്ഞു. അക്കാര്യത്തിലും ഉടൻ തീരുമാനമാകും.
രാജപാത സമരവുമായി ബന്ധപ്പെട്ട് മാർ ജോർജ് പുന്നക്കോട്ടിൽ, ഡീൻ കുര്യാക്കോസ് എംപി, ഷിബു തെക്കുംപുറം എംഎൽഎ , മുൻ എംഎൽഎ ആന്റണി ജോൺ അടക്കം കണ്ടാൽ അറിയാവുന്ന നൂറോളം പേർക്കെതിരേയാണു വനം വകുപ്പ് കേസെടുത്തിരിക്കുന്നത്.
ജനകീയ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പൊതുപ്രവർത്തകർക്കെതിരേ എടുത്തിരിക്കുന്ന എല്ലാ കേസുകളും പിൻവലിക്കുമെന്ന തീരുമാനം നടപ്പാക്കുക എന്നുള്ളതായിരുന്നു മന്ത്രി ഷിബു ബേബി ജോൺ തുടക്കം മുതലേ എടുത്തിരുന്ന നിലപാട്. ഇക്കാര്യത്തിൽ അനുകൂല നടപടിയുണ്ടാകാൻ കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ഡീൻ കുര്യാക്കോസ് , ഷിബു തെക്കുംപുറം അടക്കമുള്ളവർ വനം മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
District News
നെയ്യാറ്റിന്കര : പവർകട്ടിനെതിരേ ബിജെപി നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ മുഖ്യമന്ത്രി വി ഡി സതീശനു മുന്നിൽ നെയ്യാറ്റിൻകരയിൽ റാന്തലും മെഴുകുതിരിയും ഉയർത്തി പ്രതിഷേധിച്ചു.
ബിജെപി നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് ഇരുമ്പിൽ രാജീവ്, ജില്ലാ ട്രഷറർ തിരുപുറം മധു, നെയ്യാറ്റിൻകര ഏരിയാ പ്രസിഡന്റ് മണലൂർ ശിവപ്രസാദ്, അജിത്, യുവമോർച്ച ജില്ലാ പ്രസിഡന്റ് ചൂണ്ടിക്കൽ ഹരി, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ശിവൻ, അനന്തു, നന്ദു, ഗോവിന്ദ്, സാജൻ, ജില്ലാ സോഷ്യൽ മീഡിയ കൺവീനർ ജി.എസ് രാജീവ്, മണ്ഡലം കൺവീനർ ബി.എസ് ശ്യാം കുമാർ എന്നിവർ പങ്കെടുത്തു. മുഖ്യമന്ത്രി നെയ്യാറ്റിന്കരയിലൂടെ കടന്നുപോകവെ പാതയോരത്തു നിന്നായിരുന്നു ബിജെപി പ്രവര്ത്തകരുടെ പ്രതിഷേധം.
മുഖ്യമന്ത്രിയുടെ വഴിതടയുന്ന രീതിയിൽ വാഹനം പാർക്ക് ചെയ്ത പിക്കപ്പ് വാൻ ഡ്രൈവർ അറസ്റ്റിൽ
കഴക്കൂട്ടം: മുഖ്യമന്ത്രിയുടെ യാത്രാവഴിയിൽ തടസം സൃഷ്ടിക്കുന്ന രീതിയിൽ വാഹനം പാർക്ക് ചെയ്ത പിക്കപ്പ് ഡ്രൈവറെ മംഗലപുരം പൊലീസ് അറസ്റ്റുചെയ്തു. പുത്തൻതോപ്പ് കലാഭവനിൽ നീക്ലിൻ ഫെർണാണ്ടസാണ് (50) പിടിയിലായത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.10ഓടെ കഴക്കൂട്ടം-ആറ്റിങ്ങൽ ദേശീയപാതയിൽ പള്ളിപ്പുറം തോന്നൽ ദേവീക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലി സ് ഉദ്യോഗസ്ഥർ മതിയായ സിഗ്നൽ നൽകിയിട്ടും പിക്കപ്പ് വാഹനം അണ്ടൂർക്കോണം റോഡിലേക്കു തിരിച്ച് മെയിൻ റോഡിൽ പാർക്ക് ചെയ്യുകയായിരുന്നു. പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
National
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ ജന്തർ മന്തർ പ്രതിഷേധത്തിന് മുഖ്യധാരാ ടെലിവിഷൻ മാധ്യമങ്ങൾ അർഹമായ പ്രാധാന്യം നൽകിയില്ലെന്നു എഡിറ്റേഴ്സ് ഗിൾഡ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്.
മുഖ്യധാരാ ടിവി മാധ്യമങ്ങൾ പ്രതിഷേധം അണ്ടർ റിപ്പോർട്ട് ചെയ്തുവെന്നും പ്രതിഷേധത്തിന്റെ സാധുതയെ ചോദ്യം ചെയ്തെന്നും എഡിറ്റേഴ്സ് ഗിൾഡ് ഓഫ് ഇന്ത്യയുടെ "സ്റ്റേറ്റ് ഓഫ് മീഡിയ’ റിപ്പോർട്ടിൽ പറയുന്നു.
അച്ചടി മാധ്യമങ്ങൾ സമരത്തിന്റെ നാൾവഴികൾ, വ്യക്തിഗത അനുഭവങ്ങൾ ഇവ റിപ്പോർട്ട് ചെയ്തുകൊണ്ട് സമരത്തിനു സാധുത നൽകിയെന്നും എഡിറ്റേഴ്സ് ഗിൾഡ് ഓഫ് ഇന്ത്യ പറയുന്നു.
District News
കട്ടപ്പന: ആരോഗ്യവകുപ്പിന്റെയും കട്ടപ്പന നഗരസഭയുടെയും അനാസ്ഥയ്ക്കെതിരേ ഡിവൈഎഫ്ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റി താലൂക്ക് ആശുപത്രിയിലേക്ക് മാര്ച്ചും ധര്ണയും നടത്തി. ജില്ലാ സെക്രട്ടറി എസ്. സുധീഷ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം. ശിവകുമാര് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി നിയാസ് അബു, ജില്ലാ കമ്മിറ്റിയംഗം ആതിര ശ്രീകുമാര്, ലിജോമോന് ജോസ്, അജിത് ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി. ഇരുപതേക്കര് ജംഗ്ഷനില്നിന്ന് ആരംഭിച്ച പ്രകടനം ആശുപത്രി പരിസരത്ത് പൊലിസ് തടഞ്ഞു.
National
ഇംഫാൽ: മണിപ്പുരിലെ കാംഗ്പോക്പി ജില്ലയിൽ സുരക്ഷാ സേന ഏഴു പേരെ കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് കുക്കികളുടെ പ്രതിഷേധം.
പ്രതിഷേധക്കാർ റോഡുകൾ ഉപരോധിക്കുകയും സർക്കാർ വാഹനങ്ങൾക്കു നേരേ കല്ലെറിയുകയും ചെയ്തു. മോട്ബംഗിലും സമീപപ്രദേശങ്ങളിലും അർധരാത്രിവരെ പ്രതിഷേധങ്ങൾ തുടർന്നു.
ഖോലനിൽനിന്നുള്ള ഏഴു ഗ്രാമീണരെ കാരണങ്ങളൊന്നുമില്ലാതെയാണ് സുരക്ഷാ സേന കസ്റ്റഡിയിലെടുത്തതെന്നു പ്രതിഷേധക്കാർ പറയുന്നു. ജില്ലയിലെ നാഗ ഭൂരിപക്ഷ പ്രദേശമായ ചവാംഗ്കിനിംഗിന് സമീപം സ്ഥിതിചെയ്യുന്ന ഖോലൻ ഗ്രാമത്തിനു നേർക്ക് അടുത്തിടെ സായുധ ആക്രമണം നടന്നിരുന്നു.
പ്രതിഷേധക്കാർക്ക് നേരേ സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിച്ചു. പ്രതിഷേധക്കാർ ഇംഫാൽ-ദിമാപുർ ദേശീയപാതയിൽ വലിയ കുഴികളെടുത്ത് ഗതാഗതം തടസപ്പെടുത്തി. പ്രക്ഷോഭത്തിനിടെ ഏതാനും പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
District News
അഞ്ചല്: ഇടമുളക്കല് സര്വീസ് സഹകരണ ബാങ്കില് നടന്ന സഹകരണ ക്കൊള്ളയില് ഉള്പ്പെട്ടവരില്നിന്നും ബാങ്കിന്റെ തുക തിരിച്ച് പിടിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്ഗ്രസ് ഇടമുളക്കല് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില് സഹകരണ ബാങ്കിന് മുന്നില് നടന്ന ധര്ണ സംഘടിപ്പിച്ചു. കെപിസിസി ജനറല് സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ഇത്തരം അഴിമതിക്കാരെ സംരക്ഷിക്കുന്ന നയമല്ല യുഡിഎഫ് സര്ക്കാരിന്റേ തെന്നും മറിച്ച് സഹകരണ മേഖലയെ സംരക്ഷിക്കുന്ന നയമാണ് സര്ക്കാരിന്റേതെന്ന് സൂരജ് രവി പറഞ്ഞു.
തട്ടിപ്പ് നടത്തിയവരില്നിന്നും പണം കണ്ടെത്തി നിക്ഷേപകര്ക്ക് പണം കൊടുക്കാനുള്ള നടപടി സ്വീകരിക്കുക, ബാങ്കിന്റെ പൊതുയോഗം നിയമാനുസൃതമായി വിളിച്ചു ചേര്ക്കുക, റിപ്പോര്ട്ടുകള് സഹകാരികള്ക്കു ലഭ്യമാക്കുക, മെമ്പര്ഷിപ്പ് സംബന്ധിച്ച പരാതികള് പരിശോധിക്കുക, സഹകാരികളുടെ പ്രമാണങ്ങളും രേഖകളും നിയമാനുസൃതമായി തിരികെ നല്കുക, ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചുള്ള ആരോപണങ്ങള് അന്വേഷിക്കുക, തുടങ്ങി നിരവധി ആവശ്യങ്ങള് ഉന്നയിച്ചുകൊണ്ടായിരുന്നു ഇടമുളക്കല് സര്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന മാര്ച്ചും ധര്ണയും നടത്തിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജുആലുവിള അധ്യക്ഷനായിരുന്നു. കെപിസിസിയ ജനറല് സെക്രട്ടറി അഡ്വക്കേറ്റ് സൈമണ് അലക്സ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ഷാനവാസ് പുത്തന് വീട്ടില്, ഡിസിസി ജനറല് സെക്രട്ടറിമാരായ പി. വി. വേണുഗോപാല്, അമ്മിണി രാജന്, കടയില് ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രേംരാജ്, ബാങ്ക് മുന് പ്രസിഡന്റ് കെ.സി. ഏബ്രഹാം, മഹിളാ കോണ്ഗ്രസ് പ്രസിഡന്റ് ദിവ്യാ സുമന്, ബ്ലോക്ക് കോണ്ഗ്രസ് സെക്രട്ടറിമാരായ കോടിയാട്ടു പ്രസാദ്, ബുഖാരി തുടങ്ങിയവര് പ്രസംഗിച്ചു.
District News
കൂരാച്ചുണ്ട്: കരിയാത്തുംപാറ, തോണിക്കടവ് ടൂറിസം കേന്ദ്രത്തിലെ ജീവനക്കാരെ രാഷ്ട്രീയപ്രേരിതമായി പിരിച്ചുവിടാനുള്ള യുഡിഎഫിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് സിപിഎം കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൂറിസം കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
സിഐടിയു സംസ്ഥാന സെക്രട്ടറി പി.പി. പ്രേമ ഉദ്ഘാടനം ചെയ്തു. വി.ജെ. സണ്ണി അധ്യക്ഷത വഹിച്ചു. സിഐടിയു ഏരിയ പ്രസിഡന്റ് എസ്.എസ്. അതുൽ, കെ.ജി. അരുൺ, എൻ.കെ. കുഞ്ഞമ്മദ് എന്നിവർ പ്രസംഗിച്ചു.